പ്രഹരശേഷിയുമായി റാഫേല്‍ കരാര്‍; ഇളകുമോ ഇന്ത്യന്‍ രാഷ്ട്രീയം..?

modi-rahul
SHARE

നോട്ടുനിരോധനവും ജിഎസ്ടിയും പ്രതിസന്ധിയിലാക്കിയ നരേന്ദ്രമോദി സര്‍ക്കാരിനെ പിടിച്ചുലക്കാനുള്ള പ്രഹരശേഷിയുമായി പുതിയ ബോംബ് നീറിപ്പുകയുന്നത് ദേശീയ മാധ്യമങ്ങളൊന്നും വല്ലാതെ അറിഞ്ഞ മട്ടില്ല. ആ ബോംബിന് റാഫേല്‍ പോര്‍വിമാന കരാര്‍ എന്നാണ് പേര്.  നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും ക്ഷീണം മാറാതെ നില്‍ക്കുന്ന മോദി സര്‍ക്കാരിനുമേല്‍ റാഫേല്‍ പോര്‍ വിമാന കരാറിന്റെ പൊള്ളത്തരം വെളിവാക്കി മറ്റൊരു ആണികൂടി അടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍. വാജ്പേയ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നടന്ന കാര്‍ഗില്‍  ശവപ്പെട്ടി കുംഭകോണവും ഇസ്രയേല്‍ മിസൈല്‍ ഇടപാടും പ്രതിരോധ ഇടപാടില്‍ ബിജെപിക്ക് നല്ല ഓര്‍മകളല്ല നല്‍കിയിരിക്കുന്നത്. 

എന്താണ് കരാര്‍..?

റാഫേല്‍ പോര്‍ വിമാനങ്ങള്‍ എന്ത് എന്ന് അറിഞ്ഞാലെ ആ കരാറും അതിലെ വിവാദങ്ങളും എന്തിന് എന്ന് മനസിലാകൂ. ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രുവിമാനങ്ങളോട് പോരാടാനും ശേഷിയുള്ളതാണ് റാഫേല്‍ യുദ്ധ വിമാനങ്ങള്‍. ഏതൊരു വ്യോമസേനയും കൊതിക്കുന്ന പോര്‍വിമാനം. വിവിധതരം ജോലികള്‍ ഒരേസമയം ചെയ്യുന്ന 'ഓമനിറോള്‍' ശേഷിയുള്ള വിമാനം. ലാന്‍ഡ് ബേസുകളില്‍ നിന്നും കപ്പല്‍ ബേസുകളില്‍ നിന്നും ടേക്ക് ഓഫ് ചെയ്യാന്‍ മിടുക്കുണ്ട് ഈ പോര്‍വിമാനത്തിന്. ആറു മിസൈലുകളും മൂന്ന് ബോംബര്‍ മിസൈലുകളും ഘടിപ്പിക്കാവുന്ന മാരക പ്രഹരശേഷിയുള്ള പോര്‍വിമാനം വ്യോമസേനയില്‍ എത്തുന്നതോടെ ഇന്ത്യയുടെ ശക്തി ചൈനയോട് കിടപിടിക്കും, പാക്കിസ്ഥാനെ മറികടക്കും. 

റാഫേല്‍ പോര്‍വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് വാങ്ങുവാന്‍ തീരുമാനിച്ചത് യുപിഎ സര്‍ക്കാരാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകിയതിന്റെ അടിസ്‌ഥാനത്തിലാണു റാഫേൽ വിമാന നിർമാതാക്കളായ ഡസോൾട്ടുമായി വില നിർണയ ചർച്ചകൾ നടത്താൻ യുപിഎ സര്‍ക്കാര്‍ തയാറായത്. എന്നാല്‍ ഈ ചര്‍ച്ച കരാറിലെത്തിയില്ല. ഒരുപക്ഷെ എ.കെ.ആന്റണിയുടെ 'ക്ലീന്‍ ഇമേജാ'വും കരാറില്‍ നിന്ന് പിന്തിരിയാന്‍ കാരണമായത്. 

എന്തായാലും 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. റിലയന്‍സ് ഉടമ അനില്‍ അംബാനിയും അന്ന് മോദിക്കൊപ്പമുണ്ടായിരുന്നു. പിന്നീട് അതിവേഗം കാര്യങ്ങള്‍ നീങ്ങി. 10.2 ബില്യണ്‍ ഡോളര്‍ അതായത് 54,000 കോടിക്ക് 126 റാഫേല്‍ പോര്‍വിമാനങ്ങളും  അതിന്റെ  സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ നീക്കം. 36 വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കരാര്‍. 

എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആ കരാറില്‍ ചില ഭേദഗതികള്‍ വരുത്തി. 126 വിമാനത്തില്‍ നിന്ന് 36 വിമാനമാക്കി.  36ഉം ഫ്രാന്‍സില്‍ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. അപ്പോള്‍ വില 10.2 ബില്യണ്‍ ഡോളറില്‍ നിന്ന് 8.7ബില്യണ്‍ . പക്ഷേ ഈ കരാറില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഇല്ല.  ഇന്ത്യന്‍ വ്യോമസേനയുടെ ആവശ്യപ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റാഫേല്‍ വിമാനം കൈമാറുന്നത്. വില്‍പനാന്തര സേവനവും നിര്‍മാണത്തിനാവശ്യമായ സ്പെയര്‍പാര്‍ട്സും ലഭിക്കും. ഏകദേശം അറുപതിനായിരം കോടിയുടേതാണ് മോദി സര്‍ക്കാരിന്റെ കരാര്‍.  

റിലയന്‍സ് എയ്റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ‍ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്പെയ്സ് എന്ന കമ്പനി തുടങ്ങിയത് ഈ കരാര്‍ ലക്ഷ്യമിട്ടാണെന്നാണ് ആക്ഷേപം.

rafale-1

കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍

1. 126ല്‍ നിന്ന് 36 വിമാനങ്ങള്‍ എന്നാക്കിയെങ്കിലും തുകയില്‍ ഇളവ് കാണുന്നില്ല.

2. പൊതുമേഖലാ സ്ഥാനപത്തിനു പകരം റിലയന്‍സിന്റെ ആയുധനിര്‍മാണക്കമ്പനിക്ക് നല്‍കിയത് എന്തിന്?

3. കരാര്‍ വഴി സര്‍ക്കാരിനും റിലയന്‍സിനും ഉണ്ടായ വന്‍ സാമ്പത്തികനേട്ടങ്ങളെക്കുറിച്ച് പറയാനുള്ളത് എന്താണ്. 

4. മോദിക്കൊപ്പം അനില്‍ അംബാനിയും ഫ്രാന്‍സില്‍ ഉണ്ടായിരുന്നത് അവിഹിത ഇടപാടുകള്‍ വ്യക്തമാക്കുന്നു.

ബിജെപിയുടെ മറുപടി

1. കരാറില്‍ അവ്യക്തയില്ല, കോണ്‍ഗ്രസ് കൊണ്ടുവന്നതാണ് കരാര്‍.

2. റിലയന്‍സിന് സാമ്പത്തികനേട്ടമില്ല.

3. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട് മറയ്ക്കാനാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്.

റിലയന്‍സിന്റെ മറുപടി

1. അനില്‍ അംബാനി ഫ്രാന്‍സില്‍ പോയത് ഇന്തോ-ഫ്രഞ്ച് സി.ഇ.ഓ ഫോറം അംഗമെന്ന നിലയില്‍.

2. റിലയന്‍സിന് കോണ്‍ഗ്രസ് ആരോപിക്കുന്ന പേരില്‍ ആയുധനിര്‍മാണ കമ്പനിയില്ല.

3. കോണ്‍ഗ്രസിനെതിരെ നിയമനടപടി സ്വീകരിക്കും.

rafale

നിരീക്ഷകര്‍ പറയുന്നത്

1. റാഫേല്‍ പോര്‍വിമാനത്തിന്റെ പ്രകടനം മോശം, ലോകത്ത് ഇപ്പോള്‍ ആവശ്യം കുറവ്.

2. പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന ഡസോൾട്ടുമായി ഇന്ത്യ എന്തിനു കരാര്‍ ഒപ്പിട്ടു.

3. കരാര്‍ ഒപ്പുവച്ചെങ്കിലും വിമാനം കിട്ടാന്‍ 2019 ആകും, അതുകൊണ്ട് എന്ത് നേട്ടം.  

പലതും കണ്ടില്ലെന്ന് നടിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സമകാലികാവസ്ഥയില്‍ ഈ കരാര്‍ എന്തു പ്രകമ്പനങ്ങള്‍ തീര്‍ക്കും..? കാത്തിരുന്ന് കാണാം. 

                                      

MORE IN INDIA
SHOW MORE