ബെംഗളൂരു നായന്തഹള്ളിയിൽ പ്രളയജലത്തിൽ മുങ്ങിയ കാറിൽ കുടുങ്ങിയ സ്ത്രീയെ വഴിയാത്രക്കാർ സാഹസികമായി രക്ഷപ്പെടുത്തി . വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
നമ്മ മെട്രോ മേൽപ്പാലത്തിനു താഴെ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മഴവെള്ളത്തിൽ മുങ്ങിയ റോഡിലെ വെള്ളക്കെട്ടിൽപ്പെട്ട കാറിന്റെ മുൻഭാഗം പൂർണമായും മുങ്ങിയിരുന്നു. നിർത്തിയിട്ടിരുന്ന കാർ ഒഴുകിവന്നതാണെന്നാണ് ആദ്യം കരുതിയത് . ഒഴുക്കിൽപ്പെട്ട് ആടിയുലഞ്ഞ കാറിൽ സ്ത്രീ കുടുങ്ങിയതു ശ്രദ്ധയിൽപ്പെട്ടവർ ബഹളം വച്ചു. ഇതോടെ കണ്ടുനിന്നവരിൽ ചിലർ ഇവരെ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. അരയ്ക്കൊപ്പം വെള്ളത്തിലൂടെ കാറിനടുത്തെത്തിയ ഇവർ സ്ത്രീയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. നാലുപേരാണ് രക്ഷാസംഘത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഓട്ടോ ഡ്രൈവറും മൂന്നുപേർ പൊലീസ് ഉദ്യോഗസ്ഥരും ആണ് .രക്ഷാദൗത്യത്തിന്റെ മൊബൈൽ ദൃശ്യം ഇന്നലെ മണിക്കൂറുകൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി.