മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ എന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാചിത്രം പുറത്തുവിട്ടു. സി സി ടി വി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത് . സി സി ടി വി ദൃശ്യങ്ങളും പുറത്തുവിട്ട അന്വേഷണ സംഘം പ്രതികളെ പിടികൂടാന്‍ ജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു .
കൊലപാതകത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിയെന്ന് സംശയിക്കുന്നവരില്‍ ഒരാള്‍ ഗൗരി ലങ്കേഷിന്റെ വീടിനു സമീപത്തേക്ക് ബൈക്കിലെത്തുന്ന ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷ സംഘം പുറത്തുവിട്ടത്. ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ല. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സി സി ടി വിയില്‍ നിന്ന് ലഭിച്ച അവ്യക്തമായ ദൃശ്യങ്ങള്‍ വിദേശത്തെ ലാബിലേയ്ക്ക് അയച്ച് വ്യക്തത വരുത്തിയിരുന്നു. ഇത്തരത്തില്‍ അഞ്ഞൂറിലേറെ സി സി ടി വി ദൃശ്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് രണ്ട് പ്രതികളുടെ മൂന്ന് രേഖാചിത്രം തയ്യാറാക്കിയത്. 25 നും 35നും ഇടയില്‍ പ്രയമുള്ള രണ്ടുപേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കാളികള്‍. ഏഴുദിവസം മുമ്പ് ബെംഗളൂരുവിലെത്തിയ പ്രതികള്‍ ഗൗരി ലങ്കേഷിന്റെ നീക്കങ്ങള്‍ നീരീക്ഷിക്കുന്നുണ്ടായിരുന്നു.
കല്‍ബുര്‍ഗി ദബോല്‍ക്കര്‍ വധങ്ങളുമായി ഗൗരി ലങ്കേഷ് കൊലപാതകത്തിന് സമാനതകളുണ്ട് പക്ഷേ ഏതെങ്കിലും സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ കഴിയുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി