ജമ്മുകശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തിനു സമീപമുള്ള ബി.എസ്.എഫ് ക്യാംപില്‍ ഭീകരാക്രമണം. ഒരു ബി.എസ്.എഫ് ജവാന് മരിച്ചു. മൂന്നുപേര്‍ക്കു പരുക്കേറ്റു. മൂന്നു ഭീകരരെ സൈന്യം വധിച്ചു. തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേര്‍ന്നു.
പുലര്‍ച്ചെ നാലരയോടെയാണ് നാലംഗ ചാവേര്‍ സംഘം ബി.എസ്.എഫിന്റെ നൂറ്റി എണ്‍പത്തിരണ്ടാം ബറ്റാലിയനു നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും നടത്തിയത്. വായൂസേനയുടെ ഓഫീസുള്‍പ്പെടുന്ന തന്ത്രപ്രധാനസ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കില്‍ ഒളിച്ചുകടന്ന ഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ചാവേറാക്രമണത്തെതുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളം നാലുമണിക്കൂര്‍ അടച്ചിട്ടു. അതീവജാഗ്രത തുടരുന്നതായും ബി.എസ്.എഫ് ക്യാംപ് ആക്രമിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ആഭ്യന്തരസഹമന്ത്രി ഹന്സ്് രാജ്് ആഹിര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ഭീകരസംഘടന ജയ്ഷേ മുഹമ്മദ് ഏറ്റെടുത്തു. തുടര്‍ച്ചയായ ഭീകരാക്രമണത്തിന്റേയും പാക് വെടിവയ്പ്പിന്റേയും പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മഞ്ഞുകാലം വരാനിരിക്കെ പാക് സൈന്യത്തിന്റെ സഹായത്തോടെ കൂടുതല്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ പശ്ചാലത്തില്‍ പൂഞ്ച്, പുല്‍വാമ, കുപ്്വാര ഉള്‍പ്പെടെ അതിര്‍ത്തിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കും.