കോണ്‍ഗ്രസിന്റേത് വിഘടന വാദികളുടെ ശബ്ദം; പ്രധാനമന്ത്രി

Thumb Image
SHARE

കശ്മീരിന് സ്വയംഭരണം വേണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ അപമാനിക്കുന്നതാണ് ചിദംബരത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി ആരോപിച്ചു. പ്രസ്താവന വിവാദമായതോടെ കോൺഗ്രസ് പാർട്ടി ചിദംബരത്തെ തള്ളി തടിയൂരി.

ഇന്ത്യൻ സൈന്യത്തോടും അതിർത്തിയിൽ അവർ നടത്തിയ മിന്നലാക്രമണത്തോടും കോൺഗ്രസ് പാര്‍ട്ടിക്കുള്ള മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം അഭിപ്രായങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് കോൺഗ്രസിന്റെ ശ്രമം. പാക്കിസ്ഥാനികളുടെയും കശ്മീരിലെ വിഘടനവാദികളുടെ ഭാഷയിൽ സംസാരിക്കാന്‍ കോൺഗ്രസിന് മടിയില്ല. വിഷയത്തിൽ കോൺഗ്രസ് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും മോദി ബെംഗളൂരുവില്‍ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യത്തിനായി കശ്മീരികൾ ആവശ്യമുന്നയിക്കുമ്പോൾ‌ കൂടുതൽ പേർക്കും വേണ്ടത് സ്വയം ഭരണമാണെന്നായിരുന്നു പി.ചിദംബരം രാജ്കോട്ടിൽ പറഞ്ഞത്. കശ്മീർ ജനതയോട് സംസാരിച്ചതിൽനിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു മനസിലായെന്നും ചിദംബരം പറഞ്ഞിരുന്നു. 

പ്രസ്താവന വിവാദമായതോടെ ചിദംബരത്തിന്റേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് കോൺഗ്രസ് വക്താവ് റൺദീപ് സിങ് സുജേർവാല പ്രതികരിച്ചിരുന്നു. 

MORE IN BREAKING NEWS
SHOW MORE