അണ്ണാ ഡി.എം.കെയില്‍ വ്യക്തമായ സ്വാധീനമുറപ്പിക്കാന്‍ ടി.ടി.വി.ദിനകരന് ചരടുവലി തുടങ്ങി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള സംസ്ഥാനതല യാത്ര ഈ മാസം പതിനാലിന് ആരംഭിക്കും. വിശ്വസ്ഥരെ ഉള്‍പ്പെടുത്തി പുതിയ ഭാരവാഹിപ്പട്ടികയും ദിനകരന് പുറത്തുവിട്ടു. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും അധികം വൈകാതെ നല്ല വാര്‍ത്ത കേള്‍ക്കുമെന്നും ദിനകരന് മാധ്യമങ്ങളോട് പറഞ്ഞു.
കൃത്യമായ കരുനീക്കത്തിലൂടെയാണ് ടി.ടി.വി.ദിനകരന് ചുവടുവെക്കുന്നത്. ശശികലയുടെ നിര്‍ദേശാനുസരണമാണ് പാര്‍ട്ടി പിടിക്കാനുള്ള ഈ നീക്കം. വിശ്വസ്തരായ എം.എല്‍.എമാര്ക്കടക്കം പുതിയ പദവികള്‍ നല്‍കിയാണ് എ.ഐ.എ.ഡി.എം.കെ അമ്മയുടെ ഭാരവാഹിപ്പട്ടിക ദിനകരന് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മുന്‍ മന്ത്രി സെന്തില്‍ ബാലാജിക്ക് ഓര്‍ഗനൈസിങ് സെക്രട്ടറി സ്ഥാനം നല്കി. എ.ഐ.എ.ഡി.എം.കെ വലിയ പാര്‍ട്ടിയാണെന്നും വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും ദിനകരന് പറഞ്ഞു. പാര്‍ട്ടി ആസ്ഥാനം വീടുപോലെയാണ്. ആവശ്യം വരുമ്പോള്‍ അവിടെ ചെല്ലാം. ആരും തടയില്ല. ഏതെങ്കിലും മുന്നണിയില്‍ ചേരുന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് സമയത്താണ്.
ഈ മാസം പതിനാലിന് എം.ജി.ആര് ജന്മശതാബ്ദി ആഘോഷ പരിപാടിയോടെ ദിനകരന് നയിക്കുന്ന സംസ്ഥാന യാത്രക്ക് തുടക്കമാകും. അന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര മധുരയില്‍ തുടങ്ങുക. മന്ത്രിമാരെയടക്കം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ദിനകരന്റെ നീക്കത്തില്‍ എടപ്പാടി വിഭാഗം എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.