ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവെയ്പ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നാട്ടുകാര്‍ കൊല്ലപ്പെട്ടുവെന്നാരോപിച്ച് പാക്കിസ്ഥാന് ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമിഷണറെ വിളിച്ചുവരുത്തി. അതിനിടെ, അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര്ക്ക് ചൈനീസ് എംബസി ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി.
ജമ്മുകശ്മീരിലെ പൂഞ്ച്, കൃഷ്ണാ ഘട്ടി മേഖലകളിലാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പൂഞ്ചിലുണ്ടായ ഷെല്ലാക്രമണത്തില്‍ ടെറിട്ടോറിയല്‍ ആര്‍മി അംഗമായ മുഹമ്മദ് ഷൗക്കത്തും ഭാര്യ സഫിയയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മക്കകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അതിര്‍ത്തിയിലെ പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമിഷണര്‍ ജെ.പി സിങിനെ വിളിച്ചുവരുത്തി പാക്കിസ്ഥാന് പ്രതിഷേധമറിയിച്ചു.
ഈ വര്‍ഷം മാത്രം നടന്നത് 223 വെടിനിര്‍ത്തല്‍ കരാര്‍ലംഘനങ്ങളും 50 നുഴഞ്ഞുകയറ്റശ്രമങ്ങളുമാണെന്ന് ഡപ്യൂട്ടി ഹൈക്കമിഷണര്‍ ജെ.പി സിങ് പാക്കിസ്ഥാന് ശക്തമായ മറുപടി നല്കി. ഇന്നലെ കശ്മീരിലെ ബന്ദിപോരയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികം കണക്കിലെടുത്ത് താഴ്വരയില് കനത്ത ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്.
അതിനിടെ, സിക്കിം അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം മുന്‍നിര്‍ത്തി ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാര് ജാഗ്രതപാലിക്കണമെന്നും പൊലീസിന് സമീപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ചൈനീസ് എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുവരുന്ന ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് യാത്രാമാര്‍ഗ നിര്‍ദേശങ്ങളും എംബസി പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇന്നലെ ജര്‍മ്മിനിയെ ഹാംബുര്‍ഗില്‍ ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.