gulf-pm

യുഎഇ, ഖത്തര്‍ ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. യുഎഇ പ്രസിഡന്‍റിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച മോദി പ്രവാസി ഇന്ത്യക്കാരെ പ്രശംസിച്ചു. അബുദാബിയില്‍ വൈകീട്ട് അഹ്‍ലന്‍ മോദി എന്ന് പേരിട്ട സ്വീകരണ പരിപാടി. നാളെ അക്ഷര്‍ധാം മാതൃകയില്‍ യുഎഇയില്‍ നിര്‍മിച്ച ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. യുഎഇ,ഖത്തര്‍ ഭരണാധികാരികളുമായി നിര്‍ണായക ഉഭയകക്ഷി ചര്‍ച്ചകളും നടക്കും.  

പ്രധാനമന്ത്രിയായശേഷം നരേന്ദ്ര മോദിയുടെ യുഎഇയിലെ ഏഴമത്തെയും ഖത്തറിലെ രണ്ടാമത്തെയും സന്ദര്‍ശനമാണ്. സന്ദര്‍ശനത്തിന്‍റെ എണ്ണം തന്നെ ഇന്ത്യ–യുഎഇ സൗഹദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണെന്ന് മോദി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ഭക്ഷ്യ സുരക്ഷ, ഉൗര്‍ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ യുഎഇയുമായി സഹകരണം ശക്തമായമായതായി മോദി വ്യക്തമാക്കി. 

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സഹോദരനെന്ന് വിശേഷിപ്പിച്ച മോദി കൂടിക്കാഴ്ച്ചയ്ക്ക് ഏറെ ആകാംക്ഷയുണ്ടെന്ന് എക്സില്‍ കുറിച്ചു. സമഗ്ര ശാക്തീക സഹകരണത്തിനായി ചര്‍ച്ച നടക്കും. വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ക്ഷണം സ്വീകരിച്ച് ദുബെയില്‍ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മോദി പ്രഭാഷണം നടത്തും. ഉച്ചകോടിയില്‍ അതിഥി രാജ്യമാണ് ഇന്ത്യ. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി പ്രത്യേക ചര്‍ച്ചയും നടത്തും. അക്ഷര്‍ധാം മാതൃകയില്‍ യുഎഇയില്‍ നിര്‍മിച്ച ശിലാക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ദോഹയിലെത്തുന്ന പ്രധാനമന്ത്രി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച്ച നടത്തും. വ്യാപര, ഉൗര്‍ജ, നിക്ഷേപ മേഖലകളിലെ സഹകരണം പ്രധാന അജന്‍ഡയാണ്. ഖത്തര്‍ തടവിലായിരുന്ന എട്ട് ഇന്ത്യക്കാരെ കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. അവസാന നിമിഷമാണ് ഖത്തര്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ യാത്ര പരിപാടി പുതുക്കിയത്.

Prime Minister Narendra Modi left for UAE and Qatar for a two-day visit