uae-rain

TAGS

അസ്ഥിര കാലാവസ്ഥയെ തുടർന്ന് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ നാളെ (തിങ്കൾ 12)  വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി മാനവ വിഭവശേഷി മന്ത്രാലയം.  എല്ലാ സർക്കാർ സ്‌കൂളുകളോടും ഓണ്‍ലൈന്‍ പഠനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം നോട്ടീസ് അയച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സൗകര്യം കൂടി കണക്കിലെടുത്ത് സ്വകാര്യ സ്കൂളുകളോട് ഓൺലൈൻ പഠനം പരിഗണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ദുബായ്, ഷാർജ, അജ്മാൻ , റാസ് അൽ ഖൈമ എമിറേറ്റുകളിലെ മിക്ക സ്കൂളുകളും നാളെ ഓൺലൈൻ ക്ലാസായിരിക്കുമെന്ന് സർക്കുലർ ഇറക്കിയിട്ടുണ്ട്

ഇന്ന് പുലർച്ചെ മുതൽ യുഎഇയിൽ ഉടനീളം ശക്തമായ മഴയാണ് ലഭിക്കുന്നത്.  ദുബായ് ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്നലെ രാത്രി മുതൽ തന്നെ മഴ തുടങ്ങിയിരുന്നു.  രാജ്യത്തെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വിലയിരുത്താൻ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി (എൻസിഇഎംഎ) കഴിഞ്ഞ ആഴ്ച യോഗം ചേർന്നിരുന്നു. ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും താപനിലയിൽ വരാനിരിക്കുന്ന ഇടിവിനെ നേരിടാൻ രാജ്യം സജ്ജമാണെന്നും അതോറിറ്റി വ്യക്തമാക്കി. 

കാലാവസ്ഥ പൂർവസ്ഥിതിയിൽ ആകുന്നത് വരെ ഷാർജയിലെ എല്ലാ പാർക്കുകളും അടയ്ക്കാൻ മുനിസിപ്പാലിറ്റി ഉത്തരവിറക്കി.  കൽബ മുനിസിപ്പാലിറ്റിയും പാർക്കുകൾ അടയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഷാർജ സ്‌പോർട്‌സ് കൗൺസിൽ നാളെ സംഘടിപ്പിക്കുന്ന എല്ലാ മൽസരങ്ങളും കായിക പ്രവർത്തനങ്ങളും റദ്ദാക്കി. സ്‌പോർട്‌സ് ക്ലബുകളിലെ  വിദ്യാർഥികളുടെയും കളിക്കാരുടെയും പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.  

ജനങ്ങളോട് ജാഗ്രത പാലിക്കാൻ എൻസിഇഎംഎ നിർദേശിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ എല്ലാവരും സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കണം. വാഹനമോടിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാനും ജലപാതകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള  പ്രദേശങ്ങൾ   ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Work from home has been introduced tomorrow (Monday 12) in private institutions in the UAE