kuwait-visa

പ്രവാസികളുടെ കുടുംബാംഗങ്ങൾക്കുള്ള വീസ ചട്ടങ്ങളിൽ സുപ്രധാന മാറ്റം വരുത്തി കുവൈത്ത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച്, അപേക്ഷകന് ചുരുങ്ങിയത് 800 കുവൈത്ത് ദിനാറെങ്കിലും മാസവരുമാനമുണ്ടായിരിക്കണം. ഒപ്പം യൂണിവേഴ്സിറ്റി ബിരുദവും വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയും ഉണ്ടായിരിക്കണമെന്നും പുതുക്കിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ഏതാനും പ്രഫഷണലുകളെ ബിരുദം വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

  • ആർട്ടിക്കിൾ 30 പ്രകാരം യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രഫഷനുകൾ ചുവടെ
  • ഗവൺമെന്‍റ് മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ
  • ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രഫഷനലുകൾ
  • യൂണിവേഴ്സിറ്റി, കോളേജ്, ഉയർന്ന ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാ‍ർ
  • സർക്കാർ മേഖലയിലെ സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ, വൈസ് പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക  പ്രവർത്തകർ, ലബോറട്ടറി അറ്റൻഡന്‍റുകൾ
  • സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ
  • എൻജിനീയർമാർ
  • പള്ളികളിലെ ഇമാം
  • സർക്കാർ ഏജൻസികളിലെയും സ്വകാര്യ സർവകലാശാലകളിലെ ലൈബ്രേറിയൻമാർ
  • നഴ്സുമാർ, പാരാമെഡിക്കുകൾ, മെഡിക്കൽ ടെക്നീഷ്യൻമാർ, സാമൂഹിക സേവനപ്രവർത്തകർ എന്നിവരുൾപ്പെടെയുള്ള ആരോഗ്യ മന്ത്രാലയം ജീവനക്കാർ
  • സർക്കാർ മേഖലയിലെ സാമൂഹിക പ്രവർത്തകരും മനഃശാസ്ത്രജ്ഞരും.
  • മാധ്യമപ്രവർത്തകർ
  • ഫെഡറേഷനുകളിലും ക്ലബ്ബുകളിലും കായിക പരിശീലകരും അത്ലീറ്റുകളും.
  • പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്‍റുമാരും
  • ശവസംസ്കാര ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രഫഷണലുകൾ

ഇതോടൊപ്പം കുവൈത്തിൽ ജനിച്ചവരെയും അഞ്ചു വയസ് മുതലെങ്കിലും മാതാപിതാക്കൾക്കൊപ്പം കുവൈത്തിൽ താമസിച്ചുവരുന്നവരെയും 800 കുവൈത്തി ദിനാർ മിനിമം ശമ്പളം വേണമെന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഡയറക്ടർ ജനറൽ ഓഫ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡന്റ് എഫേഴ്സിന്റെ  അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇത് അനുവദിക്കൂ. ആശ്രിത വീസ അനുവദിക്കുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഇതിനായി അപേക്ഷിക്കുന്ന പ്രവാസികൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ മാറ്റങ്ങൾ.

Kuwait eases family visa rules