റിയാദിൽ മദ്യശാല തുറക്കാൻ സൗദി ?; നിർണായക തീരുമാനം; റിപ്പോർട്ട്

liqour-drinking
SHARE

സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി മദ്യശാല തുറക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മുസ്‌ലിം ഇതര നയതന്ത്ര ഉദ്യോഗസ്ഥർക്കായി റിയാദിൽ മദ്യശാല തുറക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഡിപ്ലോ ആപ് എന്ന മൊബൈൽ ആപ്ലിക്കേഷന്‍ വഴി റജിസ്റ്റർ ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്ക് വിദേശകാര്യമന്ത്രാലയത്തിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ലഭിച്ചാലേ ക്വാട്ട പ്രകാരമുള്ള മദ്യം വാങ്ങാൻ കഴിയുകയുള്ളൂ. സൗദിയെ വിനോദ സഞ്ചാര - വാണിജ്യ സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു. 

എംബസി - നയതന്ത്ര ഉദ്യോഗസ്ഥർ താമസിക്കുന്ന പ്രദേശത്താകും മദ്യശാല വരികയെന്നും പ്രവേശനം കർശനമായും മുസ്‌ലിം ഇതര ഉദ്യോഗസ്ഥർക്കായി പരിമിതപ്പെടുത്തുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.  അതേസമയം മുസ്‌ലിം ഇതര വിഭാഗക്കാരായ പ്രവാസികൾക്ക് ഇവിടെ നിന്നും മദ്യം വാങ്ങാനാകുമോ എന്നതിൽ തീരുമാനമായിട്ടില്ല. ഏഷ്യയിൽ നിന്നും ഈജിപ്തിൽ നിന്നുമുള്ള മുസ്‌ലിം വിഭാഗക്കാരാണ് സൗദിയിലെ പ്രവാസികളിലധികവും. 

നയതന്ത്ര പാഴ്സലുകൾകൊപ്പം എത്തുന്ന മദ്യത്തിന്‍റെ ഇറക്കുമതി തടയാനും അതുവഴി  രാജ്യത്തെ അനധികൃത മദ്യവിൽപ്പന അവസാനിപ്പിക്കാനും അധികൃതർ ലക്ഷ്യമിടുന്നതായും റിപ്പോർട്ട് പറയുന്നു. അധികം വൈകാതെ റിയാദിലെ മദ്യശാല പ്രവർത്തനം ആരംഭിച്ചേക്കും. 1952ൽ മദ്യനിരോധനം വന്നതിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. ഇസ്‌ലാമിൽ നിഷിദ്ധമായതിനാൽ മദ്യപാനം നിയമം മൂലം നിരോധിച്ച രാജ്യമാണ് സൗദി. പിടിക്കപ്പെട്ടാൽ അടി, നാടുകടത്തൽ, പിഴ, ജയിൽശിക്ഷ എന്നിങ്ങനെയാണ് ശിക്ഷ.

saudi Arabia set to open first liquor store

MORE IN GULF
SHOW MORE