uae-rule18

TAGS

യുഎഇയിലെ സ്ഥാപനങ്ങളിൽ വ്യത്യസ്ത രാജ്യക്കാരെ നിയമിക്കാനുള്ള നിയമം കർശനമാക്കുന്നതായി റിപ്പോർട്ട്. പുതിയ വീസ ക്വാട്ടയുടെ 20 ശതമാനം ജീവനക്കാർ വ്യത്യസ്ത രാജ്യക്കാരായിരിക്കണമെന്നാണ് ചട്ടം. ഔദ്യോഗീക പ്രഖ്യാപനം വന്നില്ലെങ്കിലും വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കാനുള്ള നിർദേശം ലഭിക്കുന്നുണ്ടെന്ന് വീസ സേവന സ്ഥാപനങ്ങൾ വ്യക്തമാക്കി. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഈജിപ്ത് എന്നിവിടങ്ങളിലുള്ളവരെയാണ് ഇത് ഏറെയും ബാധിക്കുക.

 

യുഎഇയിലെ തൊഴിലിടങ്ങളിൽ എല്ലാ രാജ്യക്കാർക്കും തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സ്ഥാപനങ്ങൾക്ക് ഈ മാസം രണ്ട് മുതൽ അനുവദിച്ച് കിട്ടിയ പുതിയ വീസ ക്വാട്ടയിലെ നിയമനങ്ങൾക്കാണ് നിയമം ബാധകമാവുക. പുതിയ ക്വാട്ടയിലെ ആദ്യ ഇരുപത് ശതമാനം നിയമനവും ജനസംഖ്യാപരമായ വൈവിധ്യം ഉറപ്പാക്കി വ്യത്യസ്ത രാജ്യക്കാരായിരിക്കണം.  യുഎഇയിൽ ജീവനക്കാർക്ക് റസിഡൻഡ് വീസ സ്പോൺസർ ചെയ്യുന്നതിന് മുൻപ് വീസ ക്വാട്ട അലക്കോഷൻ ഉറപ്പാക്കേണ്ടതുണ്ട്. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിലാണ് വീസ ക്വാട്ടകളുടെ അംഗീകാരത്തിനായി അപേക്ഷ നൽകേണ്ടത്. ഇത്തരത്തിൽ പുതിയ അപേക്ഷ നൽകുമ്പോഴാണ് നിയമത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ടത്.

 

പുതിയ കമ്പനികൾക്കും ഫ്രീ സോണിലെ കമ്പനികൾക്കും നിയമം ബാധകമല്ല. ഗാർഹിക തൊഴിലാളികളെയും നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടണ്ടെന്നാണ് അറിയുന്നത്. വീസ പുതുക്കുമ്പോഴും പ്രതിസന്ധിയുണ്ടാകില്ലെന്നാണ് വിവരം. 2014ൽ ഇത്തരത്തിൽ 30 ശതമാനം വ്യത്യസ്ത രാജ്യക്കാരെ നിയമിക്കണമെന്ന് നിയമം കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടത് പിൻവലിക്കുകയായിരുന്നു. എന്നാൽ നിലവിലെ മാറ്റം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വരാത്തതിനാൽ ഇത് എത്രനാൾ തുടരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഇന്ത്യക്കാർക്ക് വീസ നിർത്തലാക്കിയെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ തെറ്റാണെന്നും വീസ സേവന സ്ഥാപനങ്ങൾ അറിയിച്ചു.