haj-india-saudi-1

ഈ വർഷത്തെ ഹജ്ജിനായുള്ള ഇന്ത്യ സൗദി കരാർ ഒപ്പിട്ടു. ജിദ്ദയിൽ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയുടെയും  വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെയും നേതൃത്വത്തിലാണ് ഇരുരാജ്യങ്ങളും കരാർ ഒപ്പുവച്ചത്. തുടർന്ന് സൗദി ഹജ്, ഉംറ കാര്യ മന്ത്രി തൗഫിഗ് അൽ റവിഷുമായി പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളിൽ ഇരുനേതാക്കളും ചർച്ചകൾ നടത്തി. തീർഥാടകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ, ഇന്ത്യയുടെ അസാധാരണമായ ഡിജിറ്റൽ സംരംഭങ്ങളെ സൗദി പ്രതിനിധികൾ അഭിനന്ദിച്ചു. 

 

ഹജ്ജ് കരാര്‍ ഒപ്പിടുന്നതിന് മുമ്പായി കേന്ദ്ര മന്ത്രിമാരും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ പാര്‍പ്പിടം, യാത്ര, മറ്റു ക്രമീകരണങ്ങള്‍ എന്നിവ ചർച്ചയായി. ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് ഇന്ത്യന്‍ ഹാജിമാരുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്കാണ് അനുമതിയെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നേരെത്തെ അറിയിച്ചിരുന്നു. 

 

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേന്ദ്രമന്ത്രിമാർ ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികളുമായി സംവദിക്കും. പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള വേദിയായി ഇത് മാറുമെന്നാണ് പ്രതീക്ഷ.

 

India, Saudi Arabia formalise bilateral Hajj agreement