sultan-al-neyadi

TAGS

ബഹിരാകാശത്ത് ചരിത്രനേട്ടം കുറിച്ച് തിരിച്ചെത്തിയ ബഹിരാകാശ സ‍ഞ്ചാരി സുൽത്താൻ നെയാദി ഇനി യുഎഇയുടെ യുവജനവകുപ്പ് മന്ത്രി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.  

"സുൽത്താൻ അൽ നെയാദി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബ് പൗരനും ആറുമാസം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബ് പൗരനുമാണ് അദ്ദേഹം. യുവജനങ്ങളുടെ പ്രശ്നങ്ങൾ അറിയുന്ന വ്യക്തിയാണ്. അവരെ സേവിക്കുന്നതിലും അവരെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഏറെ ശ്രദ്ധാലുവാണെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു."  പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിലാണ് ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി തിരിച്ചെത്തിയത്.  സുൽത്താൻ അൽ നെയാദിക്ക് ആശംസകൾ നേർന്ന ഷെയ്ഖ് മുഹമ്മദ് അദ്ദേഹം ബഹിരാകാശവും ശാസ്ത്രവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചുമതലുകളും ഇതിനൊപ്പം നിർവഹിക്കുമെന്നും അറിയിച്ചു.    

പരിസ്ഥിതി കാലാവസ്ഥ മന്ത്രിയായിരുന്ന മറിയം അൽമെഹെയ്രിയെ പ്രസിഡൻഷ്യൽ കോടതിയിലെ വിദേശ്യകാര്യ ഓഫിസ് മേധാവിയാക്കി. ഡോ. അംന അൽ ഷംസിയാണ് പുതിയ പരിസ്ഥിതി കാലാവസ്ഥ മന്ത്രി. അതേസമയം ഉപ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് മംക്തും ബിൻ മുഹമ്മദ് ധനസാമ്പത്തിക കാര്യ വകുപ്പിന്റെ ഉപപ്രധാനമന്ത്രിയായും പ്രവർത്തിക്കും.   പ്രതിരോധസഹമന്ത്രിയായി മുഹമ്മദ് ഫദേൽ അൽ മസൂറിയെ നിയമിച്ചു.

2024 ഒരു നല്ല വർഷമായിരിക്കുമെന്നും ദൈവം അനുഗ്രഹിച്ചാൽ എമിറേറ്റ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരവും മഹത്തായതുമായ വർഷമായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.