
അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ഉമ്മൻചാണ്ടി സ്മാരക സെവൻസ് ഫുട്ബോൾ മൽസരത്തിൽ എച്ച്.എസ്.കാഞ്ഞങ്ങാട് ജേതാക്കളായി. 16 ടീമുകൾ പങ്കെടുത്ത മൽസരത്തിൽ ഫൈൻ വേ എഫ്.സി. മുഷ്റിഫ് രണ്ടാം സ്ഥാനവും കോർണർ വേൾഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച കളിക്കാരനായി അഷ്കർ (എച്ച്.എസ്.കാഞ്ഞങ്ങാട്), ഗോൾ കീപ്പറായി ജഹീർ ഖാൻ (ഫൈൻവേ) എന്നിവരെ തിരഞ്ഞെടുത്തു. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മാനാണ് ട്രോഫി അനാശ്ചാദനം ചെയ്തത്. പിതാവിന്റെ പേരിൽ ഗൾഫിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ മൽസരങ്ങൾക്ക് അച്ചു ഉമ്മൻ നന്ദി പറഞ്ഞു.
സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനറൽ സെക്രട്ടറി എം.യു.ഇർഷാദ്, ട്രഷറർ അജാസ് അപ്പാടത്ത്, സ്പോർട്സ് സെക്രട്ടറി ഗോപകുമാർ, ഇൻകാസ് അബുദാബി പ്രസിഡന്റ് ബി.യേശുശീലൻ, വീക്ഷണം ഫോറം അബുദാബി പ്രസിഡന്റ് സി.എം. അബ്ദുൽകരീം എന്നിവർ പങ്കെടുത്തു.