ബഹിരാകാശയാത്രയ്ക്കായി കൂടുതലാളുകളെ അയയ്ക്കാനൊരുങ്ങി യുഎഇ

gulf
SHARE

ബഹിരാകാശ ദൗത്യത്തിന് കൂടുതൽ എമറാത്തി ബഹിരാകാശ സഞ്ചാരികളെ അയക്കാനുള്ള ഒരുക്കത്തിൽ യുഎഇ. പുതിയവരെയും മുൻപ് പോയിട്ടുള്ളവരെയും ഉൾപ്പെടുത്തിയുള്ള ദൗത്യമാണ് ആലോചിക്കുന്നതെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലേം അൽമർറി അറിയിച്ചു.  ബഹിരാകാശ സ‍ഞ്ചാരി സുൽത്താൻ അൽ നെയാദിയുടെ ആറുമാസക്കാലം നീണ്ട ദൗത്യം വൻവിജയമായതിനെ തുടർന്നാണ് തീരുമാനം. നാലുപേരിൽ നെയാദിയും ഹസ അൽ മൻസൂറിയും മാത്രമാണ് ബഹിരാകാശയാത്ര നടത്തിയത്.  നോറ അൽ മത്രൂഷിയും മുഹമ്മദ് അൽ മുല്ലയും  പരിശീലനത്തിലാണ്. അടുത്ത ദൗത്യം എപ്പോഴായിരിക്കുമെന്ന് വെളുപ്പെടുത്തിയില്ലെങ്കിലും എല്ലാ തയ്യാറെടുപ്പുകളും നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായ് എയർ ഷോയിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ പവലിയൻ സന്ദർശിക്കുകയായിരുന്നു സലേം അൽമർറി. ബഹിരാകാശ സഞ്ചാരികളായ ഹസ അൽ മൻസൂരിയുടെയും സുൽത്താൻ അൽ നെയാദിയുടെയും സന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പവലിയൻ.  സന്ദർശകർക്ക് ഇരുവർക്കുമൊപ്പം ഫോട്ടോ എടുക്കാനുള്ള അവസരവും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഒരുക്കിയിരുന്നു.

MBZ - SAT ഉപഗ്രഹം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അടുത്ത വർഷം ജൂലായ്ക്കും സെപ്റ്റംബറിനും ഇടയിൽ വിക്ഷേപിക്കുമെന്നും അൽ മർറി അറിയിച്ചു. ഡിസംബറോടെ  2025, 2026, 2027 വർഷങ്ങളിലായി വരാനിരിക്കുന്ന ബഹിരാകാശദൗത്യങ്ങളും പ്രഖ്യാപിക്കും. തുടർച്ചയായി ബഹിരാകാശ ദൗത്യങ്ങൾ നടത്താനാണ് MBRSC ലക്ഷ്യമിടുന്നതെന്നും അൽ മർറി അറിയിച്ചു.

MORE IN GULF
SHOW MORE