ഗാസയിൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന് ഇസ്രയേൽ മന്ത്രി; രൂക്ഷമായി പ്രതികരിച്ച് ഗൾഫ് രാജ്യങ്ങൾ

israel-arabs
SHARE

ഗാസയിൽ ന്യൂക്ലിയർ ബോംബ് ഇടണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗൾഫ് രാജ്യങ്ങൾ.  പ്രസ്താവന ആക്ഷേപകരവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന്  യുഎഇ പ്രതികരിച്ചു. ഭീകരവാദവും കാടത്തവുമാണ് ഇസ്രായേൽ മന്ത്രിയുടെ  പ്രസ്താവനയെന്നായിരുന്നു സൗദിയുടെ പ്രതികരണം. വിവാദ പ്രസ്താവനയെ തുടർന്ന് മന്ത്രിയെ ഇസ്രായേൽ സസ്പെൻഡ് ചെയ്തിരുന്നു.

ഇസ്രയേൽ പൈതൃക സംരക്ഷണ മന്ത്രി അമിഹയ് ഇലിയാഹു ആണ് ഗാസയ്ക്ക് മേൽ ന്യൂക്ലിയർ ബോംബിടണമെന്ന വിവാദ പ്രസ്താവന നടത്തിയത്. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് അറബ് ലോകം പ്രതികരിച്ചത്. വംശഹത്യയ്ക്കുള്ള ആഹ്വാനമാണ് പ്രസ്താവനയെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും യുഎഇ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കി. ഗാസയിൽ അടിയന്തര വെടി നിർത്തൽ വേണമെന്നും യുഎഇ ആവശ്യപ്പെട്ടു. നിരപരാധികളായ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും അടിയന്തര സഹായമെത്തിക്കുന്നതിനുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

ഇസ്രായേൽ സര്‍ക്കാരില്‍ വേരൂന്നിയ ഭീകരവാദവും കാടത്തവും വ്യക്തമാക്കുന്നതാണ് പ്രസ്താവനയെന്നായിരന്നു സൗദിയുടെ പ്രതികരണം. ഇലിയാഹുവിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാതെ,, മാനുഷികവും സാംസ്‌കാരികവും മതപരവും നിയമപരവുമായ എല്ലാ മൂല്യങ്ങളെയും ലംഘിക്കുകയാണ് ഇസ്രായേലെന്ന് സൗദി കുറ്റപ്പെടുത്തി. പലസ്തീൻ ജനതയെ വംശഹത്യ ചെയ്യാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. ഇസ്രയേൽ മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമെന്ന് ഖത്തർ പ്രതികരിച്ചു.  ഈജിപ്ത്, ജോർദാൻ അടക്കമുള്ള അറബ് രാജ്യങ്ങളും ഇസ്രയേലിനെ വിമർശിച്ചു. വംശഹത്യയ്ക്കുള്ള ആഹ്വാനമാണ് മന്ത്രി നടത്തിയതെന്നായിരുന്നു ജോർദാന്റെ പ്രതികരണം.

Arab nations strongly reacts Israeli Cabinet minister's statement

MORE IN GULF
SHOW MORE