അബുദാബി രാജ്യാന്തര വിമാനത്താവളം ഇനി മുതൽ യുഎഇ രാഷ്ട്രപിതാവിന്റെ പേരിൽ

abudabi-arport
SHARE

അബുദാബി രാജ്യാന്തര വിമാനത്താവളം ഇനി മുതൽ യുഎഇ രാഷ്ട്രപിതാവിന്റെ പേരിൽ അറിയപ്പെടും. ഫെബ്രുവരി ഒൻപതിന് പുതിയ ടെർമിനലിന്റെ ഔപചാരിക ഉദ്ഘാടനത്തിനൊപ്പമായിരിക്കും പേരുമാറ്റം.  അതേസമയം പുതിയ ടെർമിനൽ നാളെ പ്രവർത്തനം ആരംഭിക്കും.

സയിദ് രാജ്യാന്തര വിമാനത്താവളം. അടുത്ത ഫെബ്രുവരി ഒൻപത് മുതൽ അബുദാബി രാജ്യാന്തരവിമാനത്താവളം അറിയപ്പെടുക അങ്ങനെയാണ്. ആധുനിക യുഎഇയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ,, അന്തരിച്ച ഷെയ്ഖ് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ബഹുമാനാർഥമാ‌ണ് നടപടി. പേര് മാറ്റത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ നിർദേശം നൽകി. പുതിയ ടെർമിനൽ എയുടെ ഔപചാരിക ഉദ്ഘാടനത്തിന് ഒപ്പമാണ് പേരുമാറ്റം. അതിനിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലെദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ ടെർമിനൽ എ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. എയർ ഇന്ത്യ എക്സ്പ്രസും വിസ് എയറും അടക്കം 15 രാജ്യാന്തര വിമാനക്കമ്പനികൾ നവംബര്‍ ഒന്നു മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് സർവിസ് നടത്തും. നവംബർ 15 ഓടെ സർവീസുകളെല്ലാം പൂർണമായി ടെർമിനൽ എയിലേക്ക് മാറും. 

ഏഴ് ലക്ഷത്തി 42000 ചതുരശ്ര മീറ്റർ വീസ്തൃതിയുള്ള ടെർമിനലിൽ പ്രതിവർഷം 450 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഏതുസമയത്തും 79 വിമാനങ്ങൾക്ക് സര്‍വിസ് നടത്താവുന്ന സൗകര്യങ്ങളാണ് പുതിയ ടെർമിനലിൽ ഉള്ളത്.  പാസ്പോർട്ട് സ്കാനിങ്, ഐ സ്കാനിങ് സൗകര്യങ്ങളുള്ള 34 ഇ ഗേറ്റുകളും 38 ഇമിഗ്രേഷൻ കൗണ്ടറുകളും യാത്രക്കാർക്കായി സജീകരിച്ചു. പുതിയ ടെർമിനലിൽ 160 ഷോപ്പുകളും ഭക്ഷണ പാനീയ ഔട്ട്‌ലെറ്റുകളും ഉണ്ടാകും.  ടെർമിനലിന്റെ വർധിച്ച ശേഷി വിനോദസഞ്ചാരമേഖലയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഷെയ്ഖ് ഖാലെദ് പറഞ്ഞു.

MORE IN GULF
SHOW MORE