‘മാംഗോ സലാഡ് മടുത്തില്ല; ബഹിരാകാശ ജീവിതം മിസ് ചെയ്യുന്നു’: സുല്‍ത്താന്‍ അല്‍ നെയാദി

ബഹിരാകാശത്തെക്കുറിച്ചും അവിടെ അനുഭവങ്ങളെക്കുറിച്ചും വാചാലനായി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ആറുമാസം നീണ്ട ബഹിരാകാശദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ നെയാദി ബഹിരാകാശത്തെ ജീവിതം ‘മിസ്’ ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. മാംഗോ സാലഡ് കഴിച്ചത് മുതൽ ഭൂമിയുടെ ചിത്രങ്ങളെടുത്ത് വരെ ബഹിരാകാശദൗത്യത്തിനിടയിലെ സന്തോഷങ്ങള്‍ ഓരോന്നും നെയാദി പങ്കുവച്ചു. ടെക്സസിലെ ഹൂസ്റ്റണിൽ നിന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നടത്തിയ ഓൺലൈൻ ബ്രീഫിംഗിൽ, നാസയുടെ ബഹിരാകാശയാത്രികരായ സ്റ്റീഫൻ ബോവനും വുഡി ഹോബർഗിനുമൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ നാലിന് ഭൂമിയിൽ തിരിച്ചെക്കിയ സംഘം ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനുള്ള റിക്കവറി പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

ഹണി സാന്‍‍ഡ്‌വിച്ചുമായി സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തില്‍

ഏറ്റവും പ്രിയം മാംഗോ സാലഡ്

ബഹിരാകാശനിലയത്തിലായിരിക്കെ കഴിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്ന ചോദ്യത്തോട് മാംഗോ സാലഡ് എന്നായിരുന്നു സുൽത്താൻ അൽ നെയാദിയുടെ മറുപടി. ജപ്പാൻ സ്പേസ് ഏജൻസിയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും വലിയ മെനു തന്നെ ഉണ്ടായിരുന്നു. ഒരു രാത്രി എമറാത്തി ഭക്ഷണമാണ് കഴിച്ചത്. എത്ര നല്ല ഭക്ഷണമായാലും ആറുമാസക്കാലം അത് തന്നെ കഴിച്ചിരുന്നാൽ മടുക്കും. എന്നാൽ ദൗത്യത്തിലുടനീളം മടുക്കാതെ ഇഷ്ടത്തോടെ കഴിച്ചത് മാംഗോ സാലഡാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ആദ്യ ബഹിരാകാശദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ ഹോബർഗിന് പ്രിയം മെക്കറോണിയും ചീസുമായിരുന്നു. കാർഗോ റീസപ്ലൈ മിഷനിൽ എത്തിക്കൊണ്ടിരുന്ന പുതിയ ഭക്ഷണമാണ് ഏറെ ആസ്വദിച്ചതെന്ന് ബോവൻ പറഞ്ഞു. ബോവന്റെ ആറാമത്തെ ബഹിരാകാശ ദൗത്യമായിരുന്നു ഇത്.  

ചെസ് കളിയും തമാശകളും

ബഹിരാകാശത്തെ വിശ്രമവേളകൾ സംഘം ആനന്ദകരമാക്കിയത് ചെസ് കളിച്ചിട്ടാണ്. അതും ലോകം മുഴുവനുള്ള സുഹൃത്തുക്കളുമായി. ഹൂസ്റ്റണിലെ മിഷൻ കൺട്രോളിൽ ഉള്ളവരായിരുന്നു മിക്കപ്പോഴും ഒപ്പം ചേർന്നത്. ഒരു ദിവസം ഒന്നോ രണ്ടോ നീക്കങ്ങൾ മാത്രം നടത്തി, വളരെ സാവകാശം ദിവസങ്ങളെടുത്തായിരുന്നു ഒരോ ഗെയിമും കളിച്ചത്. ബഹിരാകാശ നിലയത്തിലെ സ്റ്റോറേജ് കംപാട്മെന്റിൽ ഹോബ‍ർഗ് ഒളിച്ചിരുന്നതും സ്റ്റേഷനിൽ നിന്ന് ടീം വിളിച്ചപ്പോൾ ഹോബ‍ർഗിനെ കാണാതെ അന്വേഷിച്ചതുമെല്ലാം സംഘം വിവരിച്ചു. ഇടയ്ക്ക് ചെറിയ മൽസരങ്ങളിൽ ഏർപ്പെട്ട കഥയും മൂവരും പങ്കുവച്ചു. മൈഗ്രോ ഗ്രാവിറ്റി മൽസരമായിരുന്നു അത്. കേബിളുകളും മെഷീനുകളും തൊടാതെ ഏറ്റവും വേഗത്തിൽ ബഹിരാകാശനിലയത്തിൽ ഒഴുകി നടക്കുന്നത് ആരെന്നായിരുന്നു മൽസരം. എന്നാൽ  വിജയിച്ചത് ആരെന്ന് സംഘം വെളിപ്പെടുത്തിയില്ല.

ബഹിരാകാശനിലയത്തില്‍ നിന്ന് പകര്‍ത്തിയ മലേഷ്യയുടെ ചിത്രം

ഭൂമിയുടെ ചിത്രങ്ങൾ

ഇരുനൂറിലേറെ പരീക്ഷണങ്ങളാണ് ആറുമാസക്കാലം നീണ്ട ബഹിരാകാശദൗത്യത്തിനിടെ ക്രൂ സിക്സ് സംഘം നടത്തിയത്. അതോടൊപ്പം ബഹിരാകാശനിലയത്തിൽ ഒട്ടേറെ അറ്റകുറ്റപ്പണികളും നടത്തി. ബഹിരാകാശത്ത് നടന്ന് നിലയത്തിന്റെ കേബ്ലിങ് ജോലികൾ പൂർത്തിയാക്കി. ഏഴ് മണിക്കൂറും ഒരു മിനിറ്റുമാണ് നെയാദി സ്പേസ് വോക്ക് നടത്തിയത്. ഇതോടെ ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് പൗരൻ എന്ന റെക്കോർഡും സ്വന്തമാക്കി.  ബോവനൊപ്പമാണ് നെയാദി സ്പേസ് വോക്ക് നടത്തിയത്. ഇതിനിടെ ഭൂമിയെ ആവോളം കണ്ട് ആസ്വദിക്കാനും സമയം കിട്ടിയെന്ന് നെയാദി പറഞ്ഞു. ധാരാളം ചിത്രങ്ങളുമെടുത്തു. ജോലിക്കിടയിൽ ചിത്രങ്ങളെടുക്കാൻ അഞ്ച് മിനിറ്റ് സമയം അനുവദിച്ചിരുന്നു. അപ്പോഴെല്ലാം ഭൂമിയുടെ മനോഹരചിത്രങ്ങളാണ് ലഭിച്ചത്. കൃത്യസമയത്ത് അതിന് കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. തനിക്കും ഭൂമിക്കുമിടയിൽ തടസമായി ഹെൽമറ്റ് ഗ്ലാസിന്റെ നേർത്ത പാളി മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. എല്ലാം വളരെ വ്യക്തമായി കാണാൻ കഴിഞ്ഞെന്നും നെയാദി പറഞ്ഞു.

ഭൂമിയെത്തിയപ്പോൾ ഭാരം കൂടിയതുപോലെ

ഫ്ലോറിഡ തീരത്ത് സ്പേസ് എക്സ് ഡ്രാഗൺ ക്യാംപ്സൂളിൽ ക്രൂ സിക്സ് സംഘം വന്നിറങ്ങിയത് 186 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷമാണ്. അത്രയധികം ദിവസങ്ങൾക്കുശേഷം ഗുരുത്വാകർഷണം അറിഞ്ഞ അനുഭവവും നെയാദി പങ്കുവച്ചു. ക്യാംപ്സൂളിൽ നിന്ന് ഏറ്റവും അവസാനമാണ് നെയാദി പുറത്തിറങ്ങിയത്. സീറ്റുമായി ബന്ധിപ്പിച്ചിരുന്ന സ്ട്രാപ്പുകൾ അഴിഞ്ഞുകിടക്കുകയായിരുന്നു. ശരീരഭാരമാണ് സീറ്റിൽ ചേർത്തിരുത്തിയതെന്ന കാര്യം തിരിച്ചറിഞ്ഞത് റിക്കവറി ടീം പുറത്തേക്ക് വലിച്ചെടുത്തപ്പോഴാണെന്നും നെയാദി പറഞ്ഞു. തുടർന്ന് ഇങ്ങോട്ട് എല്ലാത്തിനും വലിയ ഭാരമുണ്ടെന്ന് തോന്നി. ഒരു കുപ്പി വെള്ളത്തിന് പോലും വലിയ ഭാരമാണ് അനുഭവപ്പെട്ടത്. ദിവസം ചെല്ലുംതോറും കാര്യങ്ങൾ എളുപ്പമാകുന്നുണ്ടെന്നും നെയാദി പറഞ്ഞു

ക്രൂ സിക്സ് സംഘം ഭൂമിയിൽ തിരിച്ചെത്തിയിട്ട് എട്ട് ദിവസം പിന്നിട്ടു. വൈകാതെ കൈവരിച്ച വലിയ നേട്ടത്തിന്റെ ആഘോഷങ്ങൾക്കായി നെയാദി യുഎഇയിലെത്തും. നെയാദിക്ക് വൻവരവേൽപ്പൊരുക്കി കാത്തിരിക്കുകയാണ് യുഎഇ. ആ ദിവസം എന്നായിരിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വൈകാതെ പ്രഖ്യാപിക്കും.

Sultan Al Neyadi talks about his life in space and experiences