ഇന്ത്യയുടെ പ്രത്യേക ക്ഷണം; ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദിയും യുഎഇയും ഉൾപ്പെടെ നാല് അറബ് രാജ്യങ്ങൾ

G20-summit
SHARE

ജി 20യിൽ അംഗത്വമുള്ള ഏക അറബ് രാജ്യം സൗദി അറേബ്യ ആണെങ്കിലും ഇക്കുറി, യുഎഇയും ഒമാനും ഈജിപ്തും ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയുടെ പ്രത്യേക ക്ഷണിതാക്കളായാണ് മറ്റ് മൂന്ന് രാജ്യങ്ങളുമെത്തുന്നത്. ഫ്രാൻസ് സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നേരിട്ട് എത്തിയാണ് യുഎഇയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. ലോകത്തെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളുടെ വ്യാപാര പങ്കാളിയെന്ന നിലയിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ക്ഷണമെന്നാണ് യുഎഇയുടെ വിലയിരുത്തൽ. ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും. നിർണായകമായ തീരുമാനങ്ങൾ ചർച്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ബിൻ സായിദ് ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനും ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. 2019 ഫെബ്രുവരിയിലാണ് മുഹമ്മദ് ബിൻ സൽമാൻ  അവസാനമായി ഇന്ത്യ സന്ദർശിച്ചത്.അതേസമയം രാജ്യാന്തര സമൂഹവുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഉച്ചകോടിയിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഒമാൻ.   

Saudi Arabia and four other Arab countries to attend the G20 summit in Delhi

MORE IN GULF
SHOW MORE