ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന് വിടചൊല്ലി യുഎഇ

shaeik
SHARE

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രത്യേക പ്രതിനിധിയുമായ ഷെയ്ഖ്  സയീദ്  ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 58 വയസായിരുന്നു. യു എ ഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങളായി ചികിൽസയിലായിരുന്ന ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് പുലർച്ചെയാണ്  മരിച്ചത്. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിൻ്റെ ഭാഗമായി ഇന്ന്  മുതൽ  29 വരെ മൂന്ന് ദിവസത്തേയ്ക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.  ‌1965ൽ അൽഐനിൽ ജനിച്ച ഷെയ്ഖ് സയീദ് 2010ൽ ആണ്  അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനാകുന്നത്. യുഎഇ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ അദ്ദേഹം അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായാണ് ആദ്യം നിയമിതനായത്.  1991 മുതൽ 1996 വരെ തുറമുഖ വകുപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്ന ശൈഖ് സയീദിന്റെ കയ്യൊപ്പുണ്ട് യു.എ.ഇയിലെ പ്രധാന വികസന പദ്ധതികളിലെല്ലാം. 2002 നും 2003 നും ഇടയിൽ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം  വഹിച്ചിരുന്നു.  അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, അബുദാബി കൗൺസിൽ ഫോർ ഇക്കണോമിക് ഡെവലപ്‌മെന്റ് , അൽ വഹ്ദ സ്‌പോർട്‌സ് ക്ലബ്ബിന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.  ഷെയ്ഖ് സയീദിന്റെ  നിര്യാണത്തിൽ വിവിധ ജി സി സി രാഷ്ട്ര നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. 

MORE IN GULF
SHOW MORE