കോപ്പ് 28; 78 പരിസ്ഥിതി പദ്ധതികൾക്കും സംരംഭങ്ങൾക്കും അംഗീകാരം നൽകി യുഎഇ

കോപ്പ് 28ന് മുന്നോടിയായി 78 പരിസ്ഥിതി പദ്ധതികൾക്കും സംരംഭങ്ങൾക്കും അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. ഭക്ഷ്യ സുരക്ഷാ കൗൺസിൽ കൈവരിച്ച നേട്ടങ്ങളും യോഗം വിലയിരുത്തി. അബുദാബിയിലെ അൽ വത്താൻ കൊട്ടാരത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തുമിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

കാർബണിന്റെ തോത് കുറയ്ക്കുന്നതിനും സൗരോർജ്ജ ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ തന്ത്രങ്ങൾ, സുസ്ഥിര വിനോദസഞ്ചാരം, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ എമിറാത്തി വികസനത്തെ പിന്തുണയ്ക്കുന്ന മറ്റ് സംരംഭങ്ങൾ എന്നിവ പുതുതായി അംഗീകരിച്ച പദ്ധതികളിൽ ഉൾപ്പെടും. അമേരിക്കയുമായി സഹകരിച്ച് നടപ്പാക്കുന്ന,, കാലാവസ്ഥയ്ക്കായുള്ള കാർഷിക നവീകരണ ദൗത്യമുൾപ്പെടെ,, ഭക്ഷ്യ സുരക്ഷാ കൗൺസിൽ കൈവരിച്ച നേട്ടങ്ങളും യോഗം വിലയിരുത്തി.  വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, പരമ്പരാഗത, ഇസ്ലാമിക സാമ്പത്തിക സേവനങ്ങൾ,  എന്നിവയുൾപ്പെടെയുള്ള സേവന കയറ്റുമതി വികസനത്തിനുള്ള രാജ്യത്തിന്റെ അജണ്ടയും യോഗത്തിൽ അംഗീകരിച്ചു.  യുഎഇ കമ്പനികളുടെ കയറ്റുമതിയെ പിന്തുണക്കാനായി,, പദ്ധതികൾ വികസിപ്പിക്കുന്നതിനും രാജ്യാന്തര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും  സാമ്പത്തിക മന്ത്രാലയം പ്രവർത്തിക്കും. ഷെയ്ഖ് മൻസൂർ സയിദ് അൽ നഹ്യാൻ നേതൃത്വം നൽകുന്ന എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡിന്റെ നവീകരണത്തിനും അംഗീകാരം നൽകിയതായി ഷെയഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.  കഴിഞ്ഞവർഷത്തെ വ്യാപാര റിപ്പോർട്ട് അവലോകനം ചെയ്തതിൽ നിന്ന് എണ്ണ ഇതര വിദേശ വ്യാപാരം ആദ്യമായി 2.2 ട്രില്യൺ ദിർഹം കടന്നതായി യോഗം വിലയിരുത്തി.