അടച്ചിട്ട കടയില്‍ കുടുങ്ങി ഗര്‍ഭിണി പൂച്ച; രക്ഷകരായി ഖത്തര്‍ സിവില്‍ ഡിഫന്‍സ്

മാസങ്ങളോളം അടച്ചിട്ട കടയില്‍ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി ഖത്തര്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍. കഴിഞ്ഞ 3 മാസക്കാലമായി അല്‍ കര്‍ത്തിയാത്തിലെ അടച്ചിട്ട കടയ്ക്കുള്ളില്‍ കഴിഞ്ഞ ഗര്‍ഭിണിയായ പൂച്ചയെയാണ് സിവില്‍ ഡിഫന്‍സ് അധികൃതരെത്തി രക്ഷപ്പെടുത്തിയത്. പൂച്ചയുടെ ദുരിതാവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ സിവില്‍ ഡിഫന്‍സിന്റെ സഹായം തേടിയുള്ള പോസ്റ്റ് വൈറല്‍ ആയതോടെയാണ് അധികൃതര്‍ സ്ഥലത്തെത്തി പൂച്ചയെ രക്ഷപ്പെടുത്തിയത്.

കടയുടെ പൂട്ട് പൊളിച്ച് പൂച്ചയെ രക്ഷപ്പെടുത്തിയ ശേഷം പുതിയ പൂട്ടിട്ട് കട വീണ്ടും അടച്ചിട്ടാണ് അധികൃതര്‍ മടങ്ങിയത്. പൂച്ചയെ രക്ഷിച്ച അധികൃതരുടെ നടപടിയെ പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചത്. നേരത്തെ പൂച്ചയെ രക്ഷിക്കാന്‍ സിവില്‍ ഡിഫന്‍സ് ശ്രമിച്ചിരുന്നെങ്കിലും സ്വകാര്യ വസ്തു ആയതിനാല്‍ കടയുടെ ഷട്ടര്‍ പൊളിച്ച് അകത്തു കടക്കുന്നത് നിയമപ്രശ്‌നമാകുമെന്നതിനാല്‍ ശ്രമം പരാജയപ്പെട്ടിരുന്നു.

കര്‍ത്തിയാത്തിലെ പ്രദേശവാസികളാണ് ഗ്ലാസ് വാതിലിന്റെ ഇടയിലൂടെ പൂച്ചയ്ക്ക് ഭക്ഷണവും വെള്ളവും നല്‍കി സംരക്ഷിച്ചത്. പ്രദേശവാസികള്‍ ചേര്‍ന്ന് കടയുടമയെ കണ്ടെത്താന്‍ പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് സിവില്‍ ഡിഫന്‍സിന്റെ സഹായം തേടിയത്.