സുരക്ഷയും സംരക്ഷണവും; 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ളവർക്ക് കമ്പനി താമസമൊരുക്കണം

uae-2
SHARE

യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി സുരക്ഷിത താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിർദേശം. അൻപതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസ സൗകര്യം നൽകണമെന്നും ആവശ്യപ്പെട്ടു.

യുഎഇ തൊഴിൽ നിയമം അനുസരിച്ച് എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം താമസ കേന്ദ്രം. ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ൽ താഴെ തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തും.

നൂറോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ കമ്പനിയിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്നും നിർദേശമുണ്ട്. ‌തൊഴിലിന്റെ അപകട സാധ്യതകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുൻപ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. നിർദേശങ്ങൾ അറബിക്ക് പുറമേതൊഴിലാളികൾക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലും നൽകണം. തീപിടിത്തം തടയുന്നതിനുള്ള പരിശീലനവും നൽകണം.

ജോലി, താമസ സ്ഥലങ്ങളിലെ പ്രഥമ ശുശ്രൂഷ കിറ്റിൽ (ഫസ്റ്റ് എയ്ഡ് ബോക്സിൽ) അത്യാവശ്യ മരുന്നുകളും മറ്റും ഉണ്ടാകണം. അപകടത്തിൽ പെടുന്ന തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ അറിയാവുന്നവരും കമ്പനിയിൽ ഉണ്ടാകണം.കത്തുന്നതും പൊട്ടിത്തെറിക്കുന്നതും ഉൾപ്പെടെ ഹാനികരമായ വസ്തുക്കൾ വഴി ഉണ്ടാകാവുന്ന അപകടം മുന്നിൽ കണ്ട് അവ ജാഗ്രതയോടെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണം. തൊഴിലാളി താമസ കേന്ദ്രങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാനും നിർദേശമുണ്ട്. മിന്നൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തും. നിയമലംഘകർക്കെതിരെ നടപടിയുണ്ടാകും.

താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് 3 ചതുരശ്ര മീറ്റർ സ്ഥലം വേണം. സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നൽകണം തുടങ്ങിയ നിബന്ധനകളുണ്ട്. ശീതീകരിച്ച മുറി വായുസഞ്ചാരവും വെളിച്ചവും ഉള്ളതായിരിക്കണം. അലക്കാനും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്രത്യേക സംവിധാനമുണ്ടാകണം. അഗ്നിശമന, പ്രതിരോധ സംവിധാനങ്ങളുണ്ടാകണം.· കുടിവെള്ളത്തിന് ഫിൽറ്റർ ചെയ്ത കൂളർ വേണം. പാചകവാതക സിലിണ്ടറുകൾ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണം. മെഡിക്കൽ സർവീസ്, പ്രാർഥനാ മുറികളും ഉണ്ടാകണം. 8 പേർക്ക് ഒരു ശുചിമുറി എന്ന നിലയിൽ സൗകര്യം ഒരുക്കണം തുടങ്ങിയവയാണ് നിബന്ധനകൾ. ഇവ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.

MORE IN GULF
SHOW MORE