ഖത്തറുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കാനൊരുങ്ങി യുഎഇ

qutar
SHARE

ബഹ്റൈന് പിന്നാലെ ഖത്തറുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കാനൊരുങ്ങി യുഎഇയും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകൾ അന്തിമഘട്ടത്തിലാണ്. ജൂണിൽ ഇരു രാജ്യങ്ങളിലും എംബസികൾ തുറക്കാനാണ് ശ്രമം. 

തീവ്ര ഇസ്ലാമിക സംഘടനകൾക്ക്‌ പിന്തുണ നൽകി എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച്, 2017ലാണ് യുഎഇ അടക്കമുള്ള നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. കര, നാവിക, വ്യോമബന്ധങ്ങൾ വിച്ഛേദിക്കുകയും അതിര്‍ത്തികൾ അടയ്ക്കുകയും ചെയ്തു. യുഎഇ വിമാനക്കമ്പനികൾ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തലാക്കി. പിന്നീട് 2021ല്‍ ഉപരോധം  അവസാനിപ്പിച്ച്, യാത്രാവ്യാപാരബന്ധങ്ങൾ പുനസ്ഥാപിച്ചെങ്കിലും നയതന്ത്രബന്ധം പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുട‍ർന്നു. സൗദിയിൽ  നടന്ന ഉന്നതതല ചര്‍ച്ചകളിലാണ് പുതിയ നീക്കം. ജൂണ്‍ പകുതിയോടെ ഇരു രാജ്യങ്ങളിലും സ്ഥാനപതിയെ നിയമിച്ച് എംബസികള്‍ തുറക്കുതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ വ‍ർഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട് തുടങ്ങിയത്. ഫിഫ ലോകക്കപ്പിന് മുന്നോടിയായി ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണം സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ദോഹ സന്ദർശിച്ചിരുന്നു. ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ യു.എഇ വൈസ് പ്രസിഡൻഡും ദുബായ് കിരീടാവകാശിയും പങ്കെടുത്തിരുന്നു.  കഴിഞ്ഞ ആഴ്ചയാണ്  ബഹ്റൈൻ ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ധാരണയായത്. 

UAE ready to restore diplomatic relations with Qatar

MORE IN GULF
SHOW MORE