ഒമാനില്‍ ശക്തമായ മഴ; വാഹനങ്ങള്‍ ഒലിച്ചുപോയി; പാറ ഇടിഞ്ഞുവീണ് ഗതാഗത തടസ്സം

oman
SHARE

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ. സുവൈഖ്, ഖാബൂറ, ഖുറിയാത്ത്, ആമിറാത്ത്, സുഹാര്‍, അവാബി, റുസ്താഖ്, സമാഇല്‍, ജഅലാന്‍ ബനീ ബൂ അലി, ഇസ്‌കി തുടങ്ങിയ പ്രദേശങ്ങളിലാണു ശക്തമായ മഴ ലഭിച്ചത്. രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. കാറ്റും ശക്തമായിരുന്നു. ശക്തമായ മഴയെ തുടർന്നു വാദികള്‍ നിറഞ്ഞൊഴുകി. വിവിധ ഇടങ്ങളിലെ വാദികളില്‍പ്പെട്ടു വാഹനങ്ങള്‍ ഒലിച്ചുപോയി. ആലിപ്പഴവും പെയ്തു.

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ റോഡിലേക്കു പാറ ഇടിഞ്ഞുവീണു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ആമിറാത്ത്-ഖുറിയത്ത് റോഡിലാണ് പാറ ഇടിഞ്ഞ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ പറ്റിയത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു.

വിവിധ ഗവര്‍ണറേറ്റുകളില്‍ ചെവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നിലിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ദോഫാര്‍, അല്‍ വുസ്ത തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലുമകയിരിക്കും മഴ ലഭിക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Heavy rains reported in different parts of oman

MORE IN GULF
SHOW MORE