സൗദി–ഇറാൻ നയതന്ത്ര ദൗത്യങ്ങളും വിമാന സർവീസുകളും പുനരാരംഭിക്കാൻ ധാരണ

വിമാന സർവീസുകളും നയതന്ത്ര ദൗത്യങ്ങളും പുനരാരംഭിക്കാൻ സൗദി ഇറാൻ ധാരണ. റിയാദിലും ടെഹ്‌റാനിലുമുള്ള ഇരുരാജ്യങ്ങളുടെയും എംബസികളും  കോൺസുലേറ്റുകളും തുറക്കാനും തീരുമാനിച്ചതായും സൗദി അറേബ്യയും ഇറാനും അറിയിച്ചു. ബെയ്ജിങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.  സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും  ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും കരാറുകളിൽ ഒപ്പുവച്ചു.  സന്ദർശനങ്ങൾ പുനരാരംഭിക്കുന്നതിനും  ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള വീസ അനുവദിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ശാസ്ത്രം, സംസ്കാരം, കായികം എന്നീ മേഖലകളിലും സഹകരിക്കും.  ഇടവേളക്കുശേഷം ബന്ധം പുനസ്ഥാപിക്കാൻ ചൈനയുടെ മധ്യസ്ഥതയിൽ കഴിഞ്ഞമാസമാണ് ധാരണയായത്.