
കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെ ലഭ്യമാക്കുമെന്ന വ്യാജ പരസ്യം ചെയ്ത് പണം തട്ടിയെടുത്ത അറബ് വംശജന്‍ പിടിയിൽ. 4,000 ദിർഹം പിഴയായി അടയ്ക്കാന്‍ ഇയാളോട് കോടതി നിർദേശിച്ചു. വാട്ട്സാപ്പിലൂടെയായിരുന്നു അറബ് വംശജൻ തട്ടിപ്പിന് വലവിരിച്ചത്. തട്ടിപ്പിന് ഇയാളെ ഒരു യുവതിയും സഹായിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. അറബ് വംശജന്റെ തൊഴിലാളിയാണെന്ന തരത്തിൽ ഉപഭോക്താക്കളോട് സംസാരിച്ചിരുന്നത് ഇവരാണ്.
2,000 ദിർഹമാണ് ഇവരുടെ കെണിയിൽ വീണ് ഒരു കുടുംബത്തിനു നഷ്ടമായത്. വീട്ടുജോലിക്കാരിക്കായി വാട്ട്സാപ്പിൽ കണ്ട പരസ്യത്തിലെ നമ്പറിൽ കുടുംബം ബന്ധപ്പെടുകയായിരുന്നു. ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള ജോലിക്കാരിയെ വേണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. ജോലിക്കാരിയുണ്ടെന്നും അന്നുതന്നെ വീട്ടിലെത്തുമെന്നുമായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. റിക്രൂട്ട്മെന്റ് പണമായി3,500 ദിർഹവും ഡെപ്പോസിറ്റായി 2,000 ദിർഹവും സംഘം ആവശ്യപ്പെട്ടു. ഡെപ്പോസിറ്റി തുക അപ്പോൾ തന്നെ അടയ്ക്കണമെന്നായിരുന്നു ആവശ്യം. ജോലിക്കാരി വീട്ടിലെത്തി കഴിഞ്ഞാൽ ബാക്കി തുക അടച്ചാൽ മതിയെന്നും പറഞ്ഞു.
ആവശ്യപ്പെട്ടതുപോലെ പണം അടച്ചെങ്കിലും വീട്ടുജോലിക്കാരി എത്തിയില്ല. തുടർന്ന് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും അതും കഴിഞ്ഞില്ല. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. എന്നാൽ താൻ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് എന്താണ് കാര്യങ്ങളെന്ന് അറിയില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 4,000 ദിർഹം പിഴയായി വിധിച്ചു.