ഇന്ത്യൻ– അറേബ്യൻ സംസ്കാരങ്ങളുടെ പ്രതീകം; അബുദാബിയിലെ ക്ഷേത്രനിർമാണം പൂർത്തിയാകുന്നു

hindu-temple
SHARE

അബുദാബിയിൽ മധ്യപൂർവദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ക്ഷേത്രം (ബാപ്സ് ഹിന്ദു മന്ദിർ) 2024 ഫെബ്രുവരിയോടെ തുറക്കും. അക്ഷർധാം മാതൃകയിലുള്ള ക്ഷേത്രത്തിന്റെ നിർമാണം 60 ശതമാനത്തോളം പൂർത്തിയായി. ക്ഷേത്രത്തിൽ പ്രധാന ഹാളിൽ മാർബിൾ ശിലകൾ പതിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.

ദുബായ്–അബുദാബി റോഡിൽ അബൂമുറൈഖയിലെ ക്ഷേത്രം പരിസരത്തുകൂടി പോകുന്നവർക്ക് കാണാവുന്ന വിധം ഉയർന്നുകഴിഞ്ഞു. കൊത്തുപണികളോടു കൂടിയ ശിലകൾ ക്രെയിനിന്റെ സഹായത്തോടെയാണ് സ്ഥാപിക്കുന്നത്. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവും ഇന്ത്യൻ, അറേബ്യൻ സംസ്കാരങ്ങളും ചിഹ്നങ്ങളും സമന്വയിപ്പിച്ച് രൂപകൽപന ചെയ്ത കൊത്തുപണികളും ശിൽപങ്ങളുമാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം.

യുഎഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കും വിധം 7 കൂറ്റൻ ഗോപുരങ്ങളുമുണ്ട്. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്ന് രണ്ടായിരത്തിലധികം ശിൽപികൾ കൈകൊണ്ട് കൊത്തിയെടുത്ത ശിലകളിൽ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും ചരിത്രവും അറബ് നാഗരികതയുടെ അടയാളങ്ങളുമുണ്ട്. 2018ലാണ് നിർമാണം ആരംഭിച്ചത്.

സമുച്ചയത്തിൽ സന്ദർശക കേന്ദ്രം, പ്രാർഥനാ ഹാളുകൾ, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റർ, മജിലിസ്, ആംഫി തിയറ്റർ, കളിസ്ഥലങ്ങൾ, പൂന്തോട്ടങ്ങൾ, പുസ്തകങ്ങൾ, സമ്മാനക്കടകൾ, ഫുഡ് കോർട്ട് തുടങ്ങി വിശാലമായ സൗകര്യങ്ങളുണ്ടാകും. ഭൂകമ്പം ഉൾപ്പെടെ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനും മുന്നറിയിപ്പു നൽകാനുമുള്ള നൂതന സാങ്കേതിക വിദ്യയും നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇതിനായി 10 ഇടങ്ങളിലായി 300ലേറെ അത്യാധുനിക സെൻസറുകളും സ്ഥാപിച്ചു.

ക്ഷേത്ര നിർമാണ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബാപ്സ് ഹിന്ദു മന്ദിർ ഇന്റർനാഷനൽ റിലേഷൻ മേധാവി സ്വാമി ബ്രഹ്മവിരാദി ദാസുമായി ചർച്ച നടത്തി. പ്രഫ. യോഗി ത്രിവേദി രചിച്ച ‘ഇൻ ലവ്, അറ്റ് ഈസ്: എവരിഡേ സ്പിരിച്വാലിറ്റി വിത്ത് പ്രമുഖ് സ്വാമി’ എന്ന പുസ്തകത്തിന്റെ കോപ്പി സ്വാമി ബ്രഹ്മവിഹാരിദാസ് മോദിക്കു സമ്മാനിച്ചു.

MORE IN GULF
SHOW MORE