
ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്റെ സൂചന നൽകി ഗൾഫ് രാജ്യമായ ഒമാൻ. ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാന്‍റെ ആകാശപാത തുറന്നു നൽകുന്നതായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. നേരത്തെ യുഎഇയും സൗദിയും ബഹ്റൈനും വ്യോമപാത ഇസ്രായേലിന് തുറന്ന് നൽകിയിരുന്നു. പുതിയ നീക്കത്തോടെ ഇസ്രായേലിൽ നിന്ന് ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനയാത്രാ സമയം കുറയും.
ഓവർഫ്ലൈയിങ് ആവശ്യകതകൾ നിറവേറ്റുന്ന എല്ലാ വിമാനങ്ങൾക്കുമായി രാജ്യത്തിന്റെ വ്യോമാതിര്‍ത്തി തുറന്നു നല്‍കുന്നെന്നാണ് ഒമാൻ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ട്വീറ്ററിലൂടെ വ്യക്തമാക്കിയത്. ഇതോടെ ഇസ്രായേൽ വിമാനങ്ങൾക്ക് ഏഷ്യയിലേക്ക് പറക്കാൻ ഇനി സൗദി ഒമാൻ വ്യോമ ഇടനാഴി ഉപയോഗിക്കാനാകും. പുതിയ നീക്കതോടെ ഇസ്രായേലിൽ നിന്ന് ഇന്ത്യ, തായ്ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര സമയം രണ്ട് മണിക്കൂറെങ്കിലും കുറയുമെന്നാണ് കണക്ക് കൂട്ടൽ. ഒമാന്റെ പ്രഖ്യാപനത്തിന് പിന്നാലെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിന് നന്ദി അറിയിച്ച് ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ രംഗത്തെത്തി.
ചരിത്രപരമായ തീരുമാനമാണെന്നും യാത്രസമയവും യാത്രാചെലവും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം അമേരിക്കൻ പ്രസിഡന്റെ ജോ ബൈഡന്റെ സന്ദർശനത്തിന് പിന്നാലെയാണ് സൗദി അറേബ്യ ഇസ്രായേൽ വിമാനങ്ങൾക്കായ് വ്യോമാതിർത്തി തുറന്ന് കൊടുത്തത്. എന്നാൽ ഒമാന്റെ വ്യോമാതിർത്തി അടച്ചിരുന്നതിനാൽ ഏഷ്യയിലേക്ക് ഈ റൂട്ട് ഉപയോഗിക്കാൻ ഇസ്രായേൽ വിമാനങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. യുഎഇയും ബഹറൈനും പിന്നാലെയും സൗദിയും ഇസ്രായേലുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ചിരുന്നെങ്കിലും ഒമാന്റെ ബന്ധം ഇതുവരെ സാധാരണനിലയിലായിട്ടില്ല. നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായാണ് നീക്കമെന്നാണ് സൂചന.