sultan-al-neyadi

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ 6 മാസം നീളുന്ന ചരിത്ര ദൗത്യത്തിനായി യുഎഇയുടെ സുൽത്താൻ അൽ നെയാദി 26ന് യാത്ര തിരിക്കും. ദീർഘകാലം ബഹിരാകാശ നിലയത്തിൽ തങ്ങുന്ന ആദ്യ അറബ് സഞ്ചാരിയാകും നെയാദി. അവസാനവട്ട പരിശീലനവും തയാറെടുപ്പുകളും ടെക്സസ് ആസ്ഥാനമായ ന്യൂട്രൽ ബോയൻസി ലബോറട്ടറിയിൽ പൂർത്തിയാക്കിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

 

26ന് യുഎഇ സമയം രാവിലെ 11.07ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകവുമായി (എൻഡീവർ) ഫാൽക്കൺ–9 റോക്കറ്റിലാണ് യാത്ര. നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സഹസഞ്ചാരികൾ. യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യത്തിനാണ് അൽഐനിൽ നിന്നുള്ള ഈ ഐടി പ്രഫഷനൽ നേതൃത്വം നൽകുന്നത്.

 

ആദ്യ ബഹിരാകാശ യാത്രയ്ക്ക് ഹസ്സ അൽ മൻസൂരിക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബഹിരാകാശത്ത് 180 ദിവസത്തിനിടെ 250ലേറെ പരീക്ഷണം നടത്തും. ഇതിൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ പരീക്ഷണവും യുഎഇ ആസ്ട്രോനോട്ട് പ്രോഗ്രാമിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളും ഉൾപ്പെടും. ബഹിരാകാശ നിലയത്തിൽ ഫ്ലൈറ്റ് എൻജിനീയറായും നെയാദി സേവനമനുഷ്ഠിക്കും. ഇത്തവണത്തെ വ്രതാനുഷ്ഠാനവും െപരുന്നാൾ ആഘോഷവും ബഹിരാകാശത്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 

UAE astronaut Sultan Al Neyadi gears up for space travel