തുർക്കിക്കും സിറിയക്കും അടിയന്തര സഹായവുമായി ഖത്തർ; നൽകിയത് 25.3 കോടി റിയാല്‍

qatar
SHARE

തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് ഖത്തർ ഇതുവരെ നൽകിയത് 25.3 കോടി റിയാലിന്റെ അടിയന്തര സഹായം. ഭക്ഷ്യ-ഭക്ഷ്യേതര, മെഡിക്കൽ സാധന സാമഗ്രികളുടെ വിതരണം ഉൾപ്പെടെയുള്ള സഹായങ്ങളാണിത്. വിദേശകാര്യ മന്ത്രാലയം വക്താവും വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജിദ് മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രക്ഷാപ്രവർത്തനങ്ങളിലും ഖത്തർ സജീവമാണ്. ദുരന്തമുണ്ടായതിന്റെ ആദ്യ 10 ദിവസത്തിനിടെ തുർക്കിയിലും വടക്കൻ സിറിയയിലുമായി 8.5 കോടി റിയാലിന്റെ അടിയന്തര ദുരിതാശ്വാസ സഹായങ്ങളെത്തിച്ചു. റഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റിബിൾ ആക്ടിവീറ്റീസ് അധികൃതർ നടത്തിയ ക്യാംപെയ്‌നിലൂടെ 16.8 കോടി റിയാലാണ് ഭൂകമ്പ ബാധിതർക്കായി സമാഹരിച്ചത്. ക്യാംപെയ്‌നിലേക്ക് അമീർ സംഭാവന ചെയ്ത 5 കോടി റിയാൽ ഉൾപ്പെടെയാണിത്. 30 എയർ ബ്രിഡ്ജ് വിമാനങ്ങളിലായി 600 ടൺ ഭക്ഷ്യ, മെഡിക്കൽ, ഹ്യൂമാനിറ്റേറിയൻ സഹായങ്ങൾ ആണ് നൽകിയത്.

ഖത്തർ പ്രഖ്യാപിച്ച 10,000 മൊബൈൽ വീടുകളിൽ ആദ്യ ബാച്ചിലെ 650 എണ്ണവും എത്തിച്ചു. അവശേഷിക്കുന്നവ ഉടൻ തന്നെ തുർക്കി തുറമുഖങ്ങളിൽ എത്തിക്കും. സിറിയൻ സിവിൽ ഡിഫൻസിന്റെ പ്രവർത്തനങ്ങൾക്ക് ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റിന്റെ പിന്തുണയുമുണ്ട്. സേർച് ആൻഡ് റസ്‌ക്യൂ ടീമുകൾക്ക് ഒപ്പം ഖത്തർ ടീമും കർമ നിരതമാണ്. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പുനരധിവാസത്തിനുള്ള സഹായങ്ങളും ഖത്തർ നൽകും.

MORE IN GULF
SHOW MORE