കുടുംബസമേതം യുഎഇയില്‍ എ‌ത്താൻ ആഗ്രഹിക്കുന്നുണ്ടോ?...വീസ, ഫീസ്; അറിയാം

uae-visa
SHARE

അബുദാബി: വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയവയ്ക്കായി കുടുംബസമേതം എ‌ത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണു ലഭിക്കുക.

രോഗികളെ അനുഗമിക്കുന്നവരെയും ഈ വീസയിൽ കൊണ്ടുവരാനാകും. വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കും. യുഎഇ താമസ വീസയുള്ളവർക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ 90 ദിവസത്തെ വീസയിൽ കൊണ്ടുവരാമെന്നും വ്യക്തമാക്കി. 750 ദിർഹമാണ് വീസ ഫീസ്.

ബാങ്ക് ഗാരന്റിയായി നിക്ഷേപിക്കുന്ന 1000 ദിർഹം വീസയുടമ മടങ്ങിയാൽ തിരിച്ചു ലഭിക്കും.  കുറഞ്ഞത് 8000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം ഉള്ളവർക്കേ വ്യക്തിഗത വീസ എടുക്കാനാകൂ. സ്വന്തം പേരിൽ കെട്ടിട വാടകക്കരാർ ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. ഫെബ്രുവരി 1 മുതൽ 90 ദിവസ വീസ നിർത്തലാക്കിയെങ്കിലും കുടുംബാംഗങ്ങൾക്കുള്ളത് തുടരുകയാണെന്ന് അധികൃതർ വിശദീകരിച്ചു.

സന്ദർശക വീസ 30 ദിവത്തേക്ക് കൂടി പുതുക്കാം

യുഎഇയിൽ 30, 60, 90 ദിവസ കാലാവധിയുള്ള വ്യക്തിഗത സന്ദർശക വീസ രാജ്യം വിടാതെ 30 ദിവസത്തേക്കുകൂടി പുതുക്കാം.1000 ദിർഹമാണു (ഏകദേശം 22,521 രൂപ) ചെലവ്. എന്നാൽ, ഫീസ് നൽകി പുതുക്കുന്നതിനെക്കാൾ രാജ്യം വിട്ടു പുതിയ വീസയിൽ വരുന്നതിനാണ് കൂടുതൽ പേരും താൽപര്യം പ്രകടിപ്പിക്കുന്നത്. ഇങ്ങനെ ചെയ്താൽ 2–3 മാസം കൂടി യുഎഇയിൽ തങ്ങാമെന്നതാണു മെച്ചം.

UAE visa reforms: 15 services updated for residents, visitors, including a 30-day extension

MORE IN GULF
SHOW MORE