മകനോട് ആദ്യമേ പറഞ്ഞു, ഉംറയ്ക്കു ശേഷം വിയോഗം; സൗദിയിൽ തന്നെ അന്ത്യനിദ്ര

umra-kasargode
SHARE

വെള്ളിയാഴ്ച തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ അന്തരിച്ച കാസർകോട് സ്വദേശിനി ആയിഷ കുഞ്ഞാലിയുടെ (ആയിഷുമ്മ–67) വലിയ ആഗ്രഹമായിരുന്നു ഉംറയ്ക്ക് വരണമെന്നും വിശുദ്ധ നാട്ടിൽ തന്നെ മരിച്ച്, ഈ മണ്ണിൽ അലിഞ്ഞു ചേരണമെന്നും. ഒരാഴ്ച മുൻപ് നാട്ടിൽ നിന്ന് ഉംറ ഗ്രൂപ്പിൽ മക്കയിൽ എത്തിയ ആയിഷ കർമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി തായിഫിൽ എത്തിയതായിരുന്നു. 

അബ്ബാസ് പള്ളി സന്ദർശിക്കാൻ ബസ് ഇറങ്ങി നടന്നുതുടങ്ങിയ ആയിഷയ്ക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയും അവശയാകുകയും ചെയ്തു. തുടർന്ന് റെഡ് ക്രസന്റ് ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നൽകി. ഉടൻ തന്നെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

മരണവിവരം ആയിഷയുടെ നാട്ടിലുള്ള മകൻ സിദ്ദിഖിനെ തായിഫ് ബ്രദേഴ്സ് പ്രസിഡന്റും കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫയർ കമ്മിറ്റി അംഗവുമായ പന്തളം ഷാജി വിളിച്ചറിയിച്ചു. സൗദിയിൽ മരണമടഞ്ഞാൽ തന്നെ അവിടെത്തന്നെ അടക്കം ചെയ്യണമെന്നു പറഞ്ഞേൽപ്പിച്ചാണ് മാതാവ് യാത്ര പുറപ്പെട്ടതെന്ന് മകൻ അറിയിച്ചു. തുടർന്ന് ബന്ധുമിത്രാദികൾ ഒന്നും കൂടെയില്ലാതിരുന്ന ആയിഷയുടെ ഭൗതികശരീരം അവരുടെ ആഗ്രഹം പോലെ സൗദിയിൽ തന്നെ അന്ത്യ കർമ്മങ്ങൾ പൂർത്തിയാക്കി മറവു ചെയ്യാൻ കുടുംബം പന്തളം ഷാജിയെ ചുമതലപ്പെടുത്തി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി അസർ നമസ്ക്കാരത്തോടെ തായിഫ് അബ്ബാസ് പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം കബറടക്കി. മുഹമ്മദ്‌ സാലിഹ് (കെഎംസിസി), ഇഖ്‌ബാൽ പുലാമന്തോൾ (നവോദയ), തൽഹത്ത് (ഐസിഎഫ്), മുസ്‌തഫ കോട്ടക്കൽ (അർഎസ്‌സി), അൻവർ കൊല്ലം തുടങ്ങി നിരവധി പേർ പങ്കെടുത്തു.

MORE IN GULF
SHOW MORE