‘ലോകത്ത് മൂന്നില്‍ ഒരു കുട്ടി ഓൺലൈൻ ലൈംഗികതയ്ക്ക് ഇര’

മൂന്നില്‍ ഒരു കുട്ടി ലോകത്ത് ഓണ്‍ലൈന്‍ ലൈംഗികതയ്ക്ക് ഇരയാകുന്നതായി ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി അബുദാബിയില്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ ശിശുസംരക്ഷണ ഉദ്യോഗസ്ഥരാണ് രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതിനെക്കുറിച്ച് ഊന്നിപ്പറഞ്ഞത്. കുട്ടികള്‍ക്കെതിരായ ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ഇന്റര്‍നെറ്റിന്റെ പങ്കുണ്ടെന്ന് സമ്മേളം ചൂണ്ടിക്കാണിക്കുന്നു. ലൈംഗിക ചൂഷണം മാത്രമല്ല, തട്ടിപ്പ്, ആള്‍മാറാട്ടം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ചിൽഡ്രൻസ് വെൽബിയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. കുട്ടികളുമായി ചങ്ങാത്തം കൂടി അശ്ലീല ദൃശ്യങ്ങൾ പകർത്തി അതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പലരും പീഡിപ്പിക്കുന്നത്. വിസമ്മതിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ കുട്ടികൾ വഴങ്ങേണ്ടിവരും. പഠനത്തിനു കളിക്കാനും സംവാദത്തിനുമെല്ലാം സാങ്കേതികവിദ്യകൾ ഉപയോഗിച്ചുവരുന്ന ഇന്നത്തെ കുട്ടികൾ ഡിജിറ്റൽ സ്വദേശികളാണെന്ന് യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ‘അദൃശ്യ ലോകത്തെ അശാസ്ത്രീയ ഇടപെടൽ കുട്ടികളെ അപകടത്തിലാക്കും. വഞ്ചിക്കപ്പെടാനുള്ള സാധ്യതകൾ അവരെ പറഞ്ഞു മനസ്സിലാക്കണം’, എന്ന് സമ്മേളനത്തിൽ മലയാളി സൈബർ വിദഗ്ധനും അബുദാബി ഇസ്‌ലാമിക് ബാങ്ക് ഗ്രൂപ്പ് ചീഫ് സെക്യൂരിറ്റി ഇൻഫർമേഷൻ ഓഫിസറുമായ ഇല്യാസ് കൂളിയങ്കാൽ പറഞ്ഞു.

അശ്ലീല ദൃശ്യം, ചിത്രം, ശബ്ദസന്ദേശം, വിഡിയോ, ഗെയിം എന്നിവ പ്രചരിപ്പിക്കുന്നത് യുഎഇയിൽ നിരോധിച്ചിട്ടുണ്ട്. നിയമലംഘകർക്ക് യുഎഇ ബാലാവകാശ സംരക്ഷണ നിയമം (വദീമ ലോ) അനുസരിച്ച് ഒരു വർഷം തടവോ 1 ലക്ഷം മുതൽ 4 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ അനുഭവിക്കേണ്ടി വരും.