തുർക്കിയിൽ പറന്നിറങ്ങി യുഎഇ വിമാനങ്ങളും; കനിവോടെ ചേർത്തുപിടിക്കാൻ

uae-help
SHARE

തുർക്കിയിലെ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ ആരംഭിച്ച എയർ ബ്രിഡ്ജിന്റെ ഭാഗമായി ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും അടിയന്തര സഹായങ്ങളുമായി മൂന്നു വിമാനങ്ങൾ ഇന്നു തുർക്കിയിലെത്തി.  യുഎഇ പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണു നൈറ്റ് 2 ഓപറേഷൻ ആരംഭിച്ചത്. 

സിറിയയിലെയും തുർക്കിയിലെയും ജനങ്ങൾക്ക് സഹായം നൽകുന്നതിനായി ആരംഭിച്ച ഓപ്പറേഷന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപറേഷൻസ് കമാൻഡ് അതിന്റെ ട്വിറ്റർ അക്കൗണ്ടിൽ മൂന്നു വിമാനങ്ങൾ എത്തിയതായി അറിയിച്ചു.

തിരച്ചിൽ, രക്ഷാപ്രവർത്തനം, ജോലിക്കാർ എന്നിവരെയും മെഡിക്കൽ ഉപകരണങ്ങളും സഹായ വിമാനങ്ങൾ  വഹിച്ചതായി അധികൃതർ പറഞ്ഞു. യുഎഇ അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിൽ സായുധ സേന, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, എമിറേറ്റ്സ് റെഡ് ക്രസന്റ് എന്നിവയുടെ പങ്കാളിത്തം ഉൾപ്പെടുന്നു.  

വൻ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം നേരിടുമ്പോൾ സഹായഹസ്തം നീട്ടിയ ഇന്ത്യയ്ക്കു നന്ദിയറിയിച്ചു തുർക്കി രംഗത്തുവന്നിരുന്നു. ഇന്ത്യയെ ‘ദോസ്ത്’ എന്നു വിശേഷിപ്പിച്ച തുർക്കി സ്ഥാനപതി ഫിറത്ത് സുനൽ, ആവശ്യങ്ങളിൽ സഹായിക്കുന്നവരാണു യഥാർഥ സുഹൃത്ത്’ എന്ന പഴമൊഴി പങ്കുവച്ചാണ് ഇന്ത്യയെ നന്ദിയറിയിച്ചത്. തുർക്കിയുടെ തെക്ക‌ുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലുമുണ്ടായ വൻ ഭൂകമ്പത്തിൽ ഇതുവരെ 5000ൽ അധികം പേർ കൊല്ലപ്പെട്ടതായാണു കണക്ക്.

MORE IN GULF
SHOW MORE