'നാട്ടിലെത്തുന്ന പ്രവാസികൾക്ക് താങ്ങ്: യാത്രാക്കൂലി പ്രഖ്യാപനം തട്ടിപ്പ്'

സംസ്ഥാന ബജറ്റില്‍ സമ്മിശ്ര പ്രതികരണവുമായി പ്രവാസലോകം. വിമാനയാത്രാക്കൂലി വിഷയത്തില്‍ ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ തട്ടിപ്പാണെന്ന് പ്രതിപക്ഷ സംഘടനാ പ്രതിനിധികള്‍ ആരോപിച്ചു. അതേസമയം  മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതാണ് ബജറ്റെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ വിലയിരുത്തി.  

ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെ പരിഗണിക്കുന്നതാണെന്നാണ് ഡോക്ടര്‍ ആസാദ് മൂപ്പന്‍റെ അഭിപ്രായം. അതേസമയം ഒഴിഞ്ഞ് കിടക്കുന്ന വീടുകൾക്ക് നികുതി കൊടുക്കണമെന്ന  നിര്‍ദേശം പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈഎ റഹീം ചൂണ്ടിക്കാട്ടി.  

ഗൾഫില്‍ നിന്ന് വിമാനനിരക്ക് നിയന്ത്രിക്കാന്‍ തുക വകയിരുത്തിയതില്‍ അവ്യക്തയുണ്ടെന്ന് ബിജെപി അനുകൂല സംഘടനകളും ആരോപിച്ചു കേന്ദ്രബജറ്റിനെക്കാള്‍ പ്രവാസികളെ പരിഗണിച്ച ബജറ്റെന്നായിരുന്നു ഇടത് അനുകൂല സംഘടനകളുടെ പ്രതികരണം.