മരുഭൂമിയിൽ പൊന്നു വിളയുന്നു; പച്ചപ്പണിഞ്ഞ് ഷാർജ; ‘ഹൈ’ടെക് കൃഷി

wheat-field-mleiha
SHARE

ഗോതമ്പ് കൃഷിയിലും പൂർണ വിജയം നേടി ഷാർജ. 400 ഹെക്ടറിൽ പച്ചപ്പണിഞ്ഞു നിൽക്കുന്ന ഗോതമ്പ് 2 മാസത്തിനകം വിളവെടുക്കും. വളർച്ചാ ഘട്ടം ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നേരിട്ടെത്തി വിലയിരുത്തി. നേരത്തെ ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ അരി, കിനോവ ധാന്യം എന്നിവയുടെ ഉൽപാദനത്തിൽ നേടിയ വിജയക്കുതിപ്പിലാണ് ഗോതമ്പ് പാടത്ത് വിത്തെറിഞ്ഞത്. 

ഷാർജ മലീഹയിൽ സജ്ജമാക്കിയ പാടത്ത് നവംബർ അവസാനത്തോടെ വിതച്ച ഗോതമ്പ് മാർച്ചിൽ വിളവെടുക്കാം. വിളവെടുപ്പ് മേഖലയുടെ ഭക്ഷ്യസുരക്ഷയ്ക്ക് മുതൽകൂട്ടാകുമെന്നും ഷെയ്ഖ് സുൽത്താൻ സൂചിപ്പിച്ചു. 500 ഫുട്ബോൾ ഗ്രൗണ്ടിനു സമാനമായ രീതിയിൽ സ്ഥലമൊരുക്കിയാണ് നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ ചെടിക്ക് ആവശ്യമായ സമയത്തു വെള്ളം നൽകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇതിലൂടെ ജലം പാഴാകുന്നതു തടയാം. 13 കി.മീ അകലെയുള്ള ജലസംഭരണിയിൽനിന്ന് വെള്ളം എത്തിച്ചാണ് ഹൈടെക് രീതിയിൽ നനയ്ക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളിൽ ലോകോത്തര നിലവാരത്തിൽ പാടമൊരുക്കി കൃഷിയിറക്കിയതിനു പിന്നിൽ പ്രവർത്തിച്ചവരെ ഷെയ്ഖ് സുൽത്താൻ അഭിനന്ദിച്ചു. പദ്ധതി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൃഷിയിലേക്കു തിരിയാൻ മേഖലയ്ക്കു പ്രചോദനമാകുമെന്നും പറഞ്ഞു. 3 ഘട്ടമായുള്ള പദ്ധതിയിൽ 2024ൽ 880 ഹെക്ടർ സ്ഥലത്തേക്കും 2025ൽ 1400 ഹെക്ടർ സ്ഥലത്തേക്കും ഗോതമ്പു കൃഷി വ്യാപിപ്പിക്കും.

റഷ്യ–യുക്രെയിൻ യുദ്ധം മൂലം കഴിഞ്ഞ വർഷം ഗോതമ്പിന്റെ ക്ഷാമം ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ബാധിച്ചിരുന്നു. ഇതും ഗോതമ്പു കൃഷിയിലേക്കു തിരിയാൻ പ്രചോദനമായി. ഭക്ഷണത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന യുഎഇ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രാദേശിക ഭക്ഷ്യോൽപാദനം വ്യാപകമാക്കാനുള്ള ശ്രമം രാജ്യത്തുടനീളം നടത്തിവരുന്നു. ഇതിന്റെ ഭാഗമായി കുങ്കുമപ്പൂവ് മുതൽ നെല്ലു വരെ ഉൽപാദിപ്പിക്കുന്നുണ്ട്.

ഗോതമ്പ് കൃഷി യുഎഇയിൽ ആദ്യമല്ല. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഭരണകാലത്ത് അൽഐനിൽ ഏക്കർ കണക്കിന് സ്ഥലത്ത് ഗോതമ്പ് കൃഷി ചെയ്തിരുന്നു. യുഎഇയുടെ കൃഷി വിജയം പിന്നീട് ഒമാനും മാതൃകയാക്കി. സുൽത്താൻ ഖാബൂസ് സർവകലാശാല ഒമാനു പറ്റിയ വിത്തിനം വികസിപ്പിച്ചെടുത്താണ് കൃഷി ചെയ്യുന്നത്. ലോകത്തിലെ ഏതു ഭക്ഷ്യധാന്യങ്ങളും യുഎഇയിൽ കൃഷി ചെയ്യാൻ സാധിക്കുംവിധം സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പരീക്ഷണങ്ങൾ. ഒട്ടുമിക്ക പച്ചക്കറിയും പഴ വർഗങ്ങളും ഇപ്പോൾ തന്നെ കൃഷി ചെയ്തുവരുന്നു.

Sharjah Ruler Sheikh Sultan inspects wheat farm in Mleiha

MORE IN GULF
SHOW MORE