ദുബായിയെ പൂരപ്പറമ്പാക്കി 'മ്മടെ തൃശൂര്‍ പൂരം'; ആസ്വദിക്കാൻ ആയിരങ്ങൾ

ദുബായിയെ പൂരപ്പറമ്പാക്കി 'മ്മടെ തൃശൂര്‍ പൂരം'. എത്തിസലാത്ത് അക്കാദമിയില്‍ അരങ്ങേറിയ പൂരം കാണാൻ ആയിരങ്ങളാണ് എത്തിയത്. നാട്ടിലെ തൃശൂര്‍ പൂരത്തിന്‍റെ അതേ ആവേശത്തോടെയും, പൊലിമയോടെയുമാണ് ദുബായില്‍ മ്മടെ തൃശൂര്‍ പൂരം അരങ്ങേറിയത്. കൊടിയേറ്റവും മേളവുമായി ആഘോഷകാഴ്ചകൾ രാവിലെ തുടങ്ങി. 

വടക്കുനാഥക്ഷേത്രത്തിന്‍റെ വലിയ കട്ടൌട്ടും,, റോബോട്ടിക്  ഗജവീരൻമാരും കൂടിയായപ്പോൾ കാഴ്ചയിലും തേക്കിൻകാട് മൈതാനത്തെ അനുസ്പരിപ്പിക്കുന്ന പൂരപറമ്പായി എത്തിസലാത്ത് സ്റ്റേഡിയം. വൈകാതെ മട്ടന്നൂർ ശങ്കരൻകുട്ടി മരാരുടെ പ്രമാണത്തിൽ ഇരുകോല്‍ പഞ്ചാരി മേളം

പറക്കാട് തങ്കപ്പൻ മരാരുടെ പ്രമാണത്തിൽ  പഞ്ചവാദ്യവും അരങ്ങേറി. പാണ്ടിയുടെ രൌദ്രതയിലേക്ക് ഇലഞ്ഞിത്തറമേളത്തെ അനുസ്മരിപ്പിക്കുംവിധം പെരുവനം കുട്ടൻമാരാരും പെരുവനം സതീശൻ മാരാരും കൊട്ടിക്കയറി. കുടമാറ്റം, കാവടിയാട്ടം, നാദസ്വരം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയെല്ലാം പൂരത്തിന്‍റെ ഭാഗമായി അരങ്ങേറി.