കണ്ണെത്താദൂരം, കണ്ണഞ്ചിക്കുന്ന വിമാനത്താവളം; കിങ് സല്‍മാന്‍ എയര്‍പോര്‍ട്ടിന്റെ മാസ്റ്റര്‍പ്ലാന്‍

52 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള വിമാനത്താവളപദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസന കൗണ്‍സില്‍ അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് കിങ് സല്‍മാന്‍ വിമാനത്താവളത്തിന്റെ മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കിയത്. റിയാദിനെ ആഗോള ലോജിസ്റ്റിക്സ് ഹബ് ആക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.

യാത്ര, ചരക്കുനീക്കം, ടൂറിസം മേഖലകളില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കുന്ന വിമാനത്താവളം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമായി വര്‍ത്തിക്കും. വിമാനത്താവളത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ക്ക് മാത്രം 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ടാകും. അപ്പാര്‍ട്ട്മെന്റുകള്‍, വിനോദകേന്ദ്രങ്ങള്‍, മാളുകള്‍, റീട്ടെയില്‍ ഔട്‍ലറ്റുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം ഒരുകോടി 20 ലക്ഷം യാത്രക്കാര്‍ക്ക് വിമാനത്താവളം ഉപയോഗിക്കാന്‍ കഴിയുന്ന നിലയെത്തും. 2050ല്‍ കപ്പാസിറ്റി 1 കോടി 85 ലക്ഷമാകും. 35 ലക്ഷം ടണ്‍ കാര്‍ഗോയും കൈകാര്യം െചയ്യാനാകും. സമാന്തരമായ ആറ് റണ്‍വേകള്‍ പുതിയ വിമാനത്താവളത്തിലുണ്ടാകും.

നിലവിലുള്ള റണ്‍വേകള്‍ക്ക് കിങ് ഖാലിദിന്റെ പേര് നല്‍കും. അത്യാധുനിക സാങ്കേതികവിദ്യയുടെ എല്ലാ തലത്തിലുമുള്ള ഉപയോഗം മാസ്റ്റര്‍ പ്ലാനിന്റെ സവിശേഷതയാണ്. ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി സൗകര്യങ്ങളടക്കം ഉള്‍പ്പെടുത്തി കാഴ്ചയുടെ പുതിയ തലമൊരുക്കുകയാണ് സൗദി. പാരമ്പര്യേത ഊര്‍ജം ഉപയോഗിച്ചാകും പ്രവര്‍ത്തനം. എയറോട്രോപൊളിസ് എന്ന നിലയിലേക്ക് ഒരു മഹാനഗരം പോലെയായി പദ്ധതി മാറും. വിഡിയോ കാണാം. 

 

Saudi Crown Prince Mohammed Bin Salman announces King Salman International Airport masterplan