പ്രിയപ്പെട്ട അമൽ എവിടേയ്ക്കാണ് പോയത്; ദുഃഖത്തിൽ ബന്ധുക്കൾ

amal
SHARE

പ്രിയപ്പെട്ട അമൽ, നീ എവിടേയ്ക്കാണ് പോയത്? പ്ലീസ്, മടങ്ങി വരൂ. എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം– ദുബായിൽ നിന്ന് കാണാതായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂർ പുത്തലത്തു വീട്ടിൽ അമൽ സതീഷി (29)ന് വേണ്ടി ബന്ധുക്കളും സുഹൃത്തുക്കളും തിരച്ചിൽ തുടരുന്നു. യുഎഇ മുഴുവൻ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. കാണാതായിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും യാതൊരു സൂചനയും ലഭിക്കാത്തതിൽ എല്ലാവരും കടുത്ത ആശങ്കയിലാണെന്ന് അൽ െഎനിൽ ജോലി ചെയ്യുന്ന ബന്ധു സുജിത് മനോരമ ഒാൺലൈനോട് പറഞ്ഞു. നാട്ടിൽ മാതാപിതാക്കളും സഹോദരിയുമാണ് ഉള്ളത്. അവരോട് എന്തു പറയണമെന്നറിയാതെ യുഎഇയിലുള്ള ബന്ധുക്കൾ കുഴങ്ങുകയാണ്.

ആറ് മാസം മുൻപ് യുഎഇയിലെത്തിയ അമൽ വർസാനിലെ ഇലക്ട്രിക്കൽ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇൗ മാസം 20 ന് വൈകിട്ട് 4.30ന് പുറത്തിറങ്ങിയ യുവാവ് പിന്നീട് ജോലിക്കെത്തിയില്ല. മഞ്ഞ കലർന്ന ടി ഷേർട്ടായിരുന്നു ഇൗ സമയത്ത് ധരിച്ചിരുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

നാട്ടിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നു

ബിരുദ പഠനം പൂർത്തിയാക്കാതെയാണ് അമൽ യുഎഇയിലേക്ക് വന്നത്. ജോലിയോട് അത്ര തത്പരനല്ലാത്ത ഇയാൾ നാട്ടിലേക്കു പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനായി തൊഴിലധികൃതരോട് പാസ്പോർട്ട് ചോദിച്ചിരുന്നെങ്കിലും, തിരിച്ചുവരുമെന്ന് മറ്റൊരാൾ ഉറപ്പ് നൽകാതെ തരില്ലെന്നായിരുന്നു മാനേജർ അറിയിച്ചത്. ഇതേ തുടർന്ന് കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു. 

കാണാതായ ശേഷം അമൽ തന്റെ സുഹൃത്തിനെ ഫോൺ വിളിച്ചിരുന്നുവെന്ന് സുജിത് പറഞ്ഞു. താനൊരു ബസിലാണെന്നും കാടുള്ള  പ്രദേശത്ത് കൂടെയാണ് പോകുന്നതെന്നുമാണ് പറഞ്ഞത്. പിന്നീട് യാതൊരു വിവരവുമില്ല. അതിന് ശേഷം മൊബൈൽ ഫോണും സ്വിച്ഡ് ഒാഫാണ്. അടുത്ത ദിവസം തന്നെ റാഷിദിയ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. മാനസിക സമ്മർദം അനുഭവിക്കുന്നവരെ പ്രവേശിപ്പിക്കാറുള്ള അവീർ എമിഗ്രേഷനിലെ സൈക്യാട്രിക് ആശുപത്രിയിൽ പൊലീസ് നിർദേശത്തെ തുടർന്ന് സുജിത്തും ബന്ധുക്കളും  അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. 

യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ  പൊലീസിലോ 050 7772146, 050 6377343, 050 3680853 നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു

MORE IN GULF
SHOW MORE