ബോളിവുഡ് സംഗീതത്തിന് കാതോർത്ത് ലുസെയ്ല്‍ സ്റ്റേഡിയം; നവംബര്‍ 4ന് മ്യൂസിക് ഫെസ്റ്റിവൽ

ലോകകപ്പ് ഫൈനല്‍ വേദിയായ ലുസെയ്ല്‍ സ്റ്റേഡിയം നവംബര്‍ 4ന് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന് വേദിയാകും. ലുസെയ്ല്‍ നഗരത്തിലെ ടൂറിസം ആകര്‍ഷണങ്ങളില്‍ ഒന്നായ ലുസെയ്ല്‍ ബൗലെവാര്‍ഡിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദര്‍ബ് ലുസെയ്ല്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് ബോളിവുഡ് സംഗീത മേള. അടുത്ത വ്യാഴം മുതൽ ശനിവരെയാണ് ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന ദർബ് ലുസെയ്ൽ ഫെസ്റ്റിവൽ.

ഗായിക സുനിധി ചൗഹാന്‍, ഖവാലി, ഹിന്ദുസ്ഥാന്‍ സംഗീത രംഗത്തെ വിഖ്യാത ഗായകനായ റാഹത്ത് ഫത്തേഹ് അലിഖാന്‍, ബോളിവുഡിലെ പ്രശസ്ത സംഗീത രചയിതാക്കളും സഹോദരങ്ങളുമായ സലിം-സുലൈമാന്‍ എന്നിവരാണ് ഖത്തറിന്‍റെ മണ്ണില്‍, ലോകകപ്പ് ഫൈനല്‍ വേദിയില്‍ സംഗീത  വിസ്മയം സൃഷ്ടിക്കാന്‍ എത്തുന്നത്.   ഖത്തറിലുള്ള, ലോകകപ്പ് ടിക്കറ്റെടുത്ത അംഗീകൃത ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് പ്രവേശനം. ഖത്തറിലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യൻ രാജ്യക്കാര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് മ്യൂസിക് ഫെസ്റ്റിവലെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. ഗാലറിയില്‍ സംഗീത പ്രേമികളുടെ വലിയ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്.

ലോകകപ്പിന് മുന്‍പായി ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഹയ, ട്രാന്‍സ്‌പോര്‍ട്ട്, സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാനുള്ള അവസാന വട്ട പരിപാടി കൂടിയാണിത്. ബോളിവുഡ് ഫെസ്റ്റിവല്‍ കാണാനുള്ള ടിക്കറ്റുകള്‍ ഫിഫയുടെ വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്നതാണ് വില്‍പന രീതി. 200, 150, 80, 40 റിയാല്‍ എന്നിങ്ങനെ 4 കാറ്റഗറികളിലായാണ് വില്‍പന. ദര്‍ബ് ലുസെയ്ല്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തില്‍ കുവൈത്ത്, ലബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിഖ്യാത കലാകാരന്മാരും എത്തുന്നുണ്ട്. 

Lucille Stadium will host the Bollywood Music Festival on November 4