പിടികിട്ടാപ്പുള്ളിയുമായുള്ള രൂപസാദൃശ്യം; ഇന്ത്യൻ ദമ്പതികളെ അബുദാബിയിൽ തടഞ്ഞു

പിടികിട്ടാപ്പുള്ളിയുമായുള്ള രൂപസാദൃശ്യം മൂലം ഇന്ത്യക്കാരായ ദമ്പതികൾക്കു നഷ്ടപ്പെട്ടത് സ്വിറ്റ്സർലൻഡിലേക്കുള്ള വിനോദ യാത്രയും ഒരാഴ്ചത്തെ അവധിയും. നോയിഡ ഹബീബ്പൂർ സ്വദേശിയും സിമന്റ് കമ്പനി കരാറുകാരനുമായ പ്രവീൺകുമാറിനും ഭാര്യ ഉഷയ്ക്കുമാണു ദുരനുഭവം.

സ്വിറ്റ്സർലൻഡിലേക്കു പോകാൻ 11ന് അബുദാബിയിൽ എത്തിയപ്പോഴായിരുന്നു ഇവരെ പിടികൂടിയത്. ഇമിഗ്രേഷൻ നടപടിയുടെ ഭാഗമായുള്ള ഫേസ് റെക്കഗ്നിഷനിലാണ് പിടികിട്ടാപ്പുള്ളിയുടെ രൂപസാദൃശ്യം കണ്ട് പ്രവീൺകുമാറിനെയും ഭാര്യയെയും തടഞ്ഞുവച്ചത്. രണ്ടു പേരെയും വ്യത്യസ്ത സ്ഥലങ്ങളിൽ പാർപ്പിച്ചു.

ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ച പ്രവീൺകുമാറിനെ മറ്റൊരു സ്ഥലത്തെത്തിച്ചു വീണ്ടും ചോദ്യം ചെയ്തിരുന്നു. വിവരം കുടുംബാംഗങ്ങൾ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറിനു ട്വീറ്റ് ചെയ്തതാണ് മോചനത്തിനു വഴി തെളിഞ്ഞത്.

5 ദിവസത്തിനു ശേഷം ഇന്നലെ ഇന്ത്യയിൽ തിരിച്ചെത്തിയ പ്രവീൺ കുമാർ കേന്ദ്ര സർക്കാരിനും ഇന്ത്യൻ എംബസിക്കും നന്ദി പറഞ്ഞു. തെറ്റായ നിഗമനത്തിലാണു തന്നെ തടഞ്ഞുവച്ചതെന്നും കുറ്റകൃത്യവുമായി തനിക്കു പങ്കില്ലെന്നും പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് യുഎഇ അധികൃതർ പ്രതികരിച്ചിട്ടില്ല.