ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറക്കുന്നു; ദർശനം രാവിലെ 6 മുതൽ

dubai-temple
SHARE

ആരാധനാലയങ്ങൾ ചുവരോടു ചുവർ ചേർന്നു നിൽക്കുന്ന ജബൽ അലിയുടെ സഹിഷ്ണുതാ മണ്ണിലെ ഏറ്റവും വലിയ ക്ഷേത്രം ചൊവ്വാഴ്ച ഭക്തർക്കായി സമർപ്പിക്കും. ഒരു മാസം മുൻപേ ക്ഷേത്രത്തിന്റെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നിരുന്നു. നാലിനു വൈകുന്നേരം 5നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ഉൾപ്പെടെയുള്ള അതിഥികളുടെ സാന്നിധ്യത്തിൽ ക്ഷേത്ര നടകൾ ഔദ്യോഗികമായി തുറക്കപ്പെടും.

3 വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബൽ അലിയിലെ ഗ്രാൻഡ് ടെംപിളിനു സ്വന്തം. 

16 ആരാധനാ മൂർത്തികൾ  

ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്കു കയറുമ്പോൾ ആദ്യം ദർശിക്കുക അയ്യപ്പനെയും ഗുരുവായൂരപ്പനെയും. പൂർണമായും കൊത്തുപണികളാൽ മനോഹരമാക്കി കൊട്ടാര സമാന നിർമിതിയാണ് പുതിയ ക്ഷേത്രത്തിന്റേത്. ചുവരും തറയുമെല്ലാം വെളുത്ത കല്ലുകളാൽ ഭംഗിയാക്കിയിരിക്കുന്നു. അകത്തളങ്ങൾക്ക് രാജകീയ പ്രൗഢി നൽകുന്ന ചിത്രപ്പണികളും ശിൽപങ്ങളും. ദൈവങ്ങളുടെ പ്രതിഷ്ഠ കുടികൊള്ളുന്ന പ്രധാന മുറിയിൽ ആകാശത്ത് നിന്നു ഭൂമിയിലേക്കു വിടർന്നു നിൽക്കുന്ന വലിയ താമര നിർമിതിയുടെ അഴക് വർധിപ്പിക്കുന്നു. താമരപ്പൂവിലൂടെ പകൽ വെളിച്ചം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നു. ശിവൻ ആണ് പ്രധാന പ്രതിഷ്ഠ. കൃഷ്ണൻ, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാൻ, ഷിർദി സായി ബാബ  പ്രതിഷ്ഠകളുമുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളിൽ പ്രവേശിക്കാൻ മാത്രം ആചാര പ്രകാരം തലയിൽ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളിൽ പ്രത്യേക വേഷ നിബന്ധനകളില്ല. 

ദർശനം രാവിലെ 6 മുതൽ രാത്രി 8.30വരെ

സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8.30വരെയാണ് ദർശന സമയം. ജബൽ അലിയിലെ ഗുരുനാനാക് ദർബാറിനോടു ചേർന്നാണ് പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം. ശ്രീകോവിലുകൾക്കു പുറമെ താഴത്തെ നിലയിൽ വലിയ ഹാളും ക്രമീകരിച്ചിട്ടുണ്ട്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ആധുനിക മുഖമാണ് ജബൽ അലി ക്ഷേത്രത്തിനുള്ളത്. പ്രതിഷ്ഠകൾ മുഴുവൻ ക്ഷേത്രത്തിന്റെ മുകൾ നിലയിലാണ്. മച്ചിൽ നിറയെ ക്ഷേത്ര മണികൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ദേശക്കാരും ഭാഷക്കാരും മത വിശ്വാസികളും ഒരുമിച്ചാണ് ക്ഷേത്ര ദർശനം നടത്തുന്നത്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും ഇംഗ്ലിഷുമെല്ലാം ഇവിടെ പ്രാർഥനകൾ മുഴങ്ങും. തൊട്ടടുത്തു ക്രൈസ്ത ദേവാലയങ്ങളാണ്. അവിടെ പ്രാർഥനകൾക്കായി എത്തുന്നവരും പുതിയ ക്ഷേത്രം കണ്ടാണ് മടങ്ങുന്നത്. ദർശനം പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങുമ്പോൾ പ്രസാദമായി കശുവണ്ടിയും ബദാമും പിസ്തയും കിസ്മിസും കവറിലാക്കി നൽകുന്നു. ക്ഷേത്രത്തിന്റെ ചുവരിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ചിത്രങ്ങളുമുണ്ട്.

MORE IN GULF
SHOW MORE