സുഹൃത്തിനെ വിളിച്ചതു വഴിത്തിരിവായി; റിയാദിൽ കാണാതായ മലയാളിയെ കണ്ടെത്തി

riyadh-missing.jpg
SHARE

റിയാദിൽ നിന്നു കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്തി. മലപ്പുറം അരിപ്ര മാമ്പ്ര സ്വദേശി ഹംസത്തലിയെയാണു ബുറൈദയിൽ നിന്നു കണ്ടെത്തിയത്. ഈ മാസം 14 മുതലാണ് ഇദ്ദേഹത്തെ കാണാതായിരുന്നത്.

റിയാദിലെ നസീമിലുള്ള ഒരു ബഖാല(ഗ്രോസറി)യിൽ ജോലി ചെയ്തു വരികയായിരുന്ന ഹംസത്തലി ഉച്ചയ്ക്കു കടയടച്ചു പോയ ശേഷമായിരുന്നു കാണാതായത്.  വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം പെട്രോള്‍ സ്റ്റേഷൻ  ജീവനക്കാരനായ സുഡാനിയുടെ ഫോണില്‍ നിന്ന് ഹംസത്തലി റിയാദിലെ ഒരു സുഹൃത്തിനെ വിളിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. 

തുടർന്നു സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരും ഹംസത്തലിയുടെ സഹോദരി ഭര്‍ത്താവ് അഷ്‌റഫ് ഫൈസിയും ചേർന്നു ബുറൈദയിലെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അല്‍ ഖസീം സിഐഡി ഓഫിസിന്റെ സഹായത്തോടെയാണു ഹംസത്തലിയെ കണ്ടെത്തിയതെന്നു സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.

സാമ്പത്തിക പ്രയാസം മൂലമുണ്ടായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നു സ്ഥലം വിട്ട ഹംസത്തലി തന്നെ കൊള്ളസംഘം തട്ടിക്കൊണ്ടു പോയെന്നാണ് ആദ്യം നാട്ടിലേക്കു വിളിച്ചപ്പോള്‍ പറഞ്ഞിരുന്നത്.

Missing youth found in Riyadh

MORE IN GULF
SHOW MORE