തിരുവനന്തപുരത്തു യൂസേഴ്സ് ഫീ കൊള്ള; ഇരട്ടിത്തുക ; ചോദ്യം ചെയ്തു പ്രവാസികൾ

tvm-airport
SHARE

അബുദാബി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യൂസേഴ്സ് ഫീ കൊള്ളയെന്നു പരാതി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ടിക്കറ്റ് എടുക്കുന്നവരിൽ നിന്നു വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണ് ഇവിടെ രാജ്യാന്തര യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. ഇതിനു പുറമെ വിദേശ രാജ്യങ്ങളിൽ നിന്നു വിമാന ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് 1341 രൂപ അധികമായി ഈടാക്കുന്നു. ഉപജീവനത്തിന്  വിദേശത്തു പോകുന്ന പ്രവാസികളിൽ നിന്നു യൂസേഴ്സ് ഫീ ഈടാക്കുന്നത് അനീതിയാണെന്ന് പ്രവാസി സംഘടനകൾ പറഞ്ഞു. ഇതു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിവേദനം നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം പറഞ്ഞു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനു നിവേദനവും  നൽകിയിട്ടുണ്ട്. 

രാജ്യാന്തര വിമാന യാത്രക്കാർക്ക് നിശ്ചിത തുക യൂസേഴ്സ് ഫീ നിശ്ചയിച്ചത് തിരുവനന്തപുരത്തു മാത്രമായി മാറ്റം വരുത്തേണ്ടതില്ലെന്ന് ദെയ്റ ട്രാവൽസ് ജനറൽ മാനേജർ ടി.പി സുധീഷ് ചൂണ്ടിക്കാട്ടി. ഈ ഇരട്ടത്താപ്പുമൂലം വിദേശത്തുള്ള ട്രാവൽ ഏജൻസികളുടെ ബിസിനസ്  കാര്യമായി കുറഞ്ഞെന്നും പറഞ്ഞു. നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന വിമാനത്താവളത്തെ സ്വകാര്യ ഏജൻസിക്കു കൈമാറിയത് പ്രവാസികളെ പിഴിയാനാണോ എന്ന് തിരുവനന്തപുരം എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻഗ്ലോബൽ ചെയർമാൻ കെ.കെ നാസർ ചോദിച്ചു.

ഈടാക്കുന്നത് ഇരട്ടിയിലേറെ 

യുഎഇയിൽ നിന്നു തിരുവനന്തപുരത്തേക്കു എടുക്കുന്ന വിമാന ടിക്കറ്റിനൊപ്പം  120 ദിർഹം (2603 രൂപ) ആണ് യൂസേഴ്സ്ഫീ ആയി ഈടാക്കുന്നത്. ഇതേ ടിക്കറ്റ് മറ്റേതെങ്കിലും വിമാനത്താവളത്തിൽ നിന്നാണ് എടുക്കുന്നതെങ്കിൽ 1262 രൂപയും. ഈ വ്യത്യാസത്തെയാണ്  പ്രവാസി സംഘടനകൾ ചോദ്യം ചെയ്യുന്നത്. 

ഇതര ജിസിസി രാജ്യങ്ങളിൽനിന്നു തിരുവനന്തപുരത്തേക്കു വിമാന ടിക്കറ്റ് എടുക്കുമ്പോഴും ആനുപാതിക വർധനയണ്ട്. യുഎഇയിൽനിന്ന് ഇന്ത്യയിലെ മറ്റു വിമാനത്താവളത്തിലേക്കുള്ള യൂസേഴ്സ് ഫീ നിരക്കിനെക്കാൾ ഇരട്ടിയിലേറെ തുകയാണ് തിരുവനന്തപുരം വിമാനത്താവളം ഈടാക്കുന്നത്. 

നേരത്തെ യാത്രക്കാരിൽനിന്ന് വിമാനത്താവളം നേരിട്ട് ഈടാക്കിയിരുന്ന തുക വൻ പ്രതിഷേധത്തെ തുടർന്ന് കുറച്ചിരുന്നു. 

യൂസേഴ്സ് ഫീ കേരളത്തിലേക്ക്

യുഎഇയിൽ നിന്നു കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഈടാക്കുന്ന യൂസേഴ്സ് ഫീ. തിരുവനന്തപുരം 120 ദിർഹം (2603 രൂപ) കൊച്ചി 30 (650 രൂപ), കോഴിക്കോട്ടേക്ക് 40  (867 രൂപ), കണ്ണൂർ 60 (1301 രൂപ). 

മറ്റു സംസ്ഥാനങ്ങളിലേക്ക്

യുഎഇയിൽ നിന്ന് ഡൽഹി, അഹമ്മദാബാദ് 10 ദിർഹം (216 രൂപ), മുംബൈ, മംഗളൂരു  20 ദിർഹം (433 രൂപ), ഹൈദരാബാദ് 40 ദിർഹം (867 രൂപ), ബെംഗളൂരു 70 ദിർഹം (1518 രൂപ) എന്നിങ്ങനെയാണ് നിരക്ക്.

MORE IN GULF
SHOW MORE