ബാറിൽ ജോലി; പേടിച്ചു വിറച്ച ദിനങ്ങൾ; ദുബായില്‍ തട്ടിപ്പിനിരയായി സീരിയൽ നടി

dubai-cheating
SHARE

ദുബായ്: മലയാളിയായ യുവ  സീരിയൽ നടിക്ക് ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പിനിരയായി തടങ്കിലിൽ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവ നടിയെ മലയാളി സന്നദ്ധ സംഘടനയായ 'ഓർമ'യുടെ പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ച് നാട്ടിലെത്തിച്ചു.  

അറിയപ്പെടുന്ന അവതാരകയും മോഡലും സീരിയൽ നടിയുമാണ് 25 കാരി. ഒട്ടേറെ പരിപാടികളിൽ ഇവർ അവതാരകയായിട്ടുണ്ട്. കൂടാതെ, ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്താണ് നാട്ടിലെ ഒരു ഏജൻസി നടിയെ സന്ദർശക വീസയിൽ സെപ്റ്റംബർ 2ന് ദുബായിലെത്തിച്ചത്. ചെന്നൈയിൽ നിന്നാണ് നടിയും മറ്റു ഏഴ് യുവതികളും യുഎഇയിലേക്കു വിമാനം കയറിയത്. ഇതിൽ ഒരു തമിഴ് അവതാരകയുമുണ്ടായിരുന്നു. എന്നാൽ, ഇവിടെ എത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നൽകുന്നതിന് പകരം ഇവരെ ദുബായ് ദെയ്റയിലെ ഒരു ഹോട്ടലിലെ ബാറിൽ ജോലി ചെയ്യാൻ ഹോട്ടലുടമയും വീസ ഏജന്റിന്റെ കൂട്ടാളികളും നിർബന്ധിക്കുകയായിരുന്നു.

 മറ്റു യുവതികൾ ഇൗ ജോലിക്ക് തയാറായപ്പോൾ നടി തയാറാകാതിരുന്നതോടെ മുറിയിൽ പൂട്ടിയിടുകയും ചെയ്‌തു. ബാറിലെത്തുന്നവർക്ക് ഇഷ്ടപ്പെട്ടാൽ ഹോട്ടലിന് പുറത്തുപോകാനും നിർബന്ധിച്ചിരുന്നതായി നടി പറഞ്ഞു. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ നടിക്ക് മൊബൈല്‍ ഫോണും സിം കാർഡും നൽകിയിരുന്നു. ചീത്തവിളിയും മാനസിക പീഡനവും ഏറ്റുവാങ്ങേണ്ടി വന്ന നടി പേടിച്ചുവിറച്ചാണ് നാളുകൾ തള്ളി നീക്കിയത്. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ഓർമ സംഘടനയിലെ അംഗങ്ങളുമായി മൊബൈലിൽ ബന്ധപ്പെടാൻ നടിക്ക് അവസരം കിട്ടിയതോടെയാണ് രക്ഷപ്പെടാനുള്ള വഴി ഒരുങ്ങിയത്.

ഓർമ പിആർ കമ്മറ്റി പ്രതിനിധികൾ വിവരമറിഞ്ഞയുടൻ തന്നെ നോർക്കയുമായി ബന്ധപ്പെടുകയും യുഎഇയിലുള്ള വൈസ് ചെയർമാൻ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രശ്നത്തിൽ  ഇടപെടുകയും ചെയ്തു. തുടർന്ന് ദുബായ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസിന്റെ  സഹായത്തോടെ  നടി താമസിക്കുന്ന ഹോട്ടലിലെത്തിയാണ് മോചിപ്പിച്ചത്. രക്ഷപ്പടുത്തിയ നടിയെ പിന്നീട് ഓർമ പ്രതിനിധികളും ലോക കേരളസഭാംഗങ്ങളും ചേർന്ന് നാട്ടിലേക്ക് അയച്ചു. നാട്ടിൽ നിന്ന് വിദേശ തൊഴിലുകൾ നേടാൻ ശ്രമിക്കുന്നവർ നിർബന്ധമായും അംഗീകൃത ഏജൻസികൾ വഴിമാത്രം അവസരങ്ങൾ തേടണമെന്ന് ഓർമ ഭാരവാഹികളും ലോകകേരള സഭാംഗങ്ങളും നിർദേശിച്ചു.

മറ്റു യുവതികൾ ഇപ്പോഴും ദുബായിലെ ഹോട്ടലിൽ

അതേസമയം, നടിയോടൊപ്പം ചെന്നൈയിൽ നിന്ന് എത്തിയ തമിഴ് അവതാരക ഉൾപ്പെടെയുള്ള മറ്റു 7 യുവതികൾ ഇപ്പോഴും ദുബായിലെ ഹോട്ടലിൽ കഴിയുന്നു. ഇവർക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള പ്രയാസമാണ് ഇതിന് കാരണമായത്. പലരും ദുരിതത്തിൽ കഴിഞ്ഞിരുന്നവരാണ്. 

ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക

1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് അജ്മാൻ, ഷാർജ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നത്. ഇപ്പോഴും ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയാറാകണം. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു. 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ ബുദ്ധിമുട്ടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാവൂ. 

വ്യാജ തൊഴിൽ കരാർ: യുഎഇ പറയുന്നത് 

വ്യാജ തൊഴിൽ കരാറും ഓഫർ ലറ്ററുകളും കാണിച്ച് പണം തട്ടുന്ന സംഭവം ഏറെയാണ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരിൽ വിദേശത്തെ തൊഴിലന്വേഷകരിൽ നിന്നാണ് പണം തട്ടുന്നത്.

യുഎഇ യിലേക്ക് വരുന്നതിനു മുൻപ് പ്രാഥമികമായി ഓഫർ ലെറ്റർ നൽകും . ലഭിക്കാൻ പോകുന്ന തൊഴിൽ സംബന്ധിച്ച വിശദാംശങ്ങൾ അടങ്ങിയ ഈ പത്രികയും തൊഴിൽ കരാറും കാണിച്ചാണ് ചില സംഘം വിദേശത്തുള്ള ഉദ്യോഗാർഥികളെ കബളിപ്പിച്ച് പണം തട്ടുന്നത്. മോഹിപ്പിക്കുന്ന ശമ്പളവും തൊഴിൽ ആനുകൂല്യങ്ങളുമാണ് കരാറിൽ കാണിക്കുക. ഈ കരാർ കാണിച്ച് വീസ നടപടിക്രമങ്ങൾക്കു വേണ്ടി തൊഴിൽ അന്വേഷകരിൽ നിന്നു നിശ്ചിത വിലാസത്തിൽ പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയാണ് വീസ തട്ടിപ്പിന്റെ പുതിയ രീതി. പണം തട്ടാൻ വ്യാജ കരാർ ചമയ്ക്കുകയാണ് സംഘം ചെയ്തത്.

വീസ ചെലവ് വഹിക്കേണ്ടത് തൊഴിലുടമ

യുഎഇ യിൽ വീസ ലഭിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിക്കേണ്ടത് തൊഴിലുടമയാണ്. അതു കൊണ്ട് വീസ ലഭിക്കാൻ ആർക്കും പണം കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കുന്നു. തൊഴിൽ കരാറിന്റെ പേരിൽ ചെക്കിലോ മറ്റു രേഖകളിലോ ഒപ്പിട്ട് നൽകാനും പാടില്ല. ഔദ്യോഗിക സ്ഥാപനങ്ങളുമായല്ലാതെ കരാറുകൾ രൂപപ്പെടുത്തരുത്. തൊഴിൽ പരസ്യങ്ങൾ പത്രമാധ്യമങ്ങളിലോ മറ്റോ ഔദ്യോഗികമായി പ്രദ്ധിദ്ധപ്പെടുത്തുന്നതോ മാത്രം അവലംബിക്കുക. ഏതെങ്കിലും വ്യക്തികളെയോ അടിസ്ഥാനമില്ലാത്ത വെബ് സൈറ്റുകളെയോ അവലംബിച്ച് വീസയ്ക്കായി ഇടപാടുകൾ നടത്തരുത്. 

MORE IN GULF
SHOW MORE