27 വർഷത്തിനിടയിലെ റെക്കോർഡ് മഴ; വെള്ളത്തിലായി യുഎഇ

യുഎഇയിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയെന്ന്  ദേശീയ കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞദിവസങ്ങളിൽ ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.  കനത്ത മഴയിൽ രാജ്യത്തെ തടയണകളും വാദികളും നിറഞ്ഞു കവിഞ്ഞു. ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിൽ മഴക്കെടുതി വ്യാപകം. മഴ   തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യുഎഇയിൽ കഴിഞ്ഞവർഷത്തേക്കാൾ ഇരട്ടിയിലേറെ മഴയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്.  ഫുജൈറയിൽ തിങ്കളാഴ്ച  രാത്രി 10.30 മുതൽ വ്യാഴാഴ്ച രാവിലെ 9.18 വരെ 234.9 മില്ലീമീറ്റർ മഴയാണ് പെയ്തത്.  ഷാർജ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തത്. കനത്ത നാശനഷ്ടമുണ്ടായെങ്കിലും എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തായ മഴയിൽ  വെള്ളം കയറി ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ 800ലേറെ താമസക്കാരെ സൈന്യത്തിന്‍റെയും ദ്രുതകർമസേനയുടെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. താമസകേന്ദ്രങ്ങളിൽ ട്രക്കുകളിലും ബോട്ടുകളിലുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

ഷാർജയിലും ഫുജൈറെയിലുമായി സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്ന് 3900ലേറെ മാറ്റിപ്പാർപ്പിച്ചു. വെള്ളം കുത്തിയൊലിച്ചൊഴുകുന്ന വാദികളിലിൽ നിന്നും മലനിരകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന സൂചന.  55 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. 

ഒമാൻ അതിർത്തിയോടു ചേർന്ന റാസൽഖൈമ മേഖലകൾ ഏറെക്കുറെ ഒറ്റപ്പെട്ടതായാണ് വിവരം. മലയോര മേഖലകളിൽ മണ്ണും പാറക്കഷണങ്ങളും റോഡിലേക്കു വീണു ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വാഹനങ്ങൾ വെള്ളം കയറി മുങ്ങി.  മലയോരങ്ങളിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഖോർഫക്കാനിലേക്കുള്ള ഫുജൈറ റോഡ് ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചതായി പൊലീസ് അറിയിച്ചു.