ഒമാനിൽ കടലിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ ഇന്ത്യക്കാർ തിരയിൽപ്പെട്ടു; 2 പേർ മരിച്ചു

സലാലയിൽ കടലിൽ വീണു കാണാതായ ഇന്ത്യക്കാരിൽ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ സുരക്ഷാ വിഭാഗങ്ങൾ രംഗത്തെത്തി. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്സെയിൽ ബീച്ചിൽ തിരമാലയിൽപ്പെട്ടു കടലിൽ വീണത്.

മൂന്നു പേരെ ഉടൻ രക്ഷപ്പെടുത്തി. സുരക്ഷാ ബാരിക്കേഡുകൾ മറികടന്നു ഫോട്ടോ എടുക്കാൻ ശ്രമിക്കവേയാണ് അപകടം.  ദുബായിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തിൽപ്പെട്ടത്. ഉയർന്നു പൊങ്ങിയ തിരമാലയിൽ പെടുകയായിരുന്നു ഇവർ. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.

തിരച്ചിലിൽ സഹായിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി തിങ്കളാഴ്ച രാത്രിയോടെ നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീം എത്തി. പ്രതിരോധ മന്ത്രാലയം, ആംബുലൻസ് റെസ്‌ക്യൂ ടീം എന്നിവയും തിരച്ചിലിന് ചേരുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.