11മാസം ഉന്തുവണ്ടി തള്ളി കാൽനട യാത്ര; ഒടുവിൽ ഹജ് ചെയ്യാൻ ആദം മുഹമ്മദ് മക്കയിലെത്തി

mohammed-adam
SHARE

ഹജ് നിർവഹിക്കാനായി 11 മാസം ഉന്തുവണ്ടിയും തള്ളിയുള്ള കാൽനട യാത്രയ്ക്കൊടുവിൽ ആദം മുഹമ്മദ്  മക്കയിലെത്തി. ബ്രിട്ടനിൽ നിന്നു യാത്ര തിരിച്ച ആദം മുഹമ്മദ് 10 മാസവും 26 ദിവസവും കൊണ്ട് ഒൻപതു രാജ്യങ്ങൾ താണ്ടിയാണു മക്കയിൽ എത്തിയത്. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനാണ് ഇദ്ദേഹം. മക്കയിലെത്തിയ ആദം മുഹമ്മദ് ഉംറ നിർവഹിച്ചു.

ഹജ് തനിക്ക് ഏറ്റവും ഉദാത്തവും പ്രിയപ്പെട്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. മക്കയിലെത്തി ഉംറ നിർവഹിക്കുകയും  കഅബയുടെ പരിസരത്തു ധാരാളം സമയം ചെലവഴിക്കുകയും ചെയ്തു. ആദം 2021 ഓഗസ്റ്റ് 1 നാണു ബ്രിട്ടനിൽ നിന്നു ഹജ് നിർവഹിക്കാനായി മക്കയിലേക്കു പുറപ്പെട്ടത്. തന്റെ സ്വകാര്യ സാധനങ്ങൾ വച്ച് ഒരു ഉന്തു വണ്ടിയും ഇദ്ദേഹം കൂടെകൂട്ടി.

സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപു നെതർലൻഡ്‌സ്, ജർമനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബൾഗേറിയ, തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെയാണു സഞ്ചരിച്ചത്.

കോവിഡ് വൈറസ്  പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നു കർഫ്യൂ ഏർപ്പെടുത്തിയതു മുതൽ ഖുർആനിന്റെ അർഥം വായിക്കുന്നതിലും മനസ്സിലാക്കുന്നതിലും ഞാൻ മുഴുകി. ഒന്നര വർഷത്തെ ആഴത്തിലുള്ള പഠനത്തിനു ശേഷം മക്കയിലേക്കു കാൽനടയായി പോകണമെന്ന ഉൾവിളിയാലാണു താൻ ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഉണർന്നതെന്ന് അദ്ദേഹം പറഞ്ഞു.

തീർഥാടനത്തിനുള്ള തയാറെടുപ്പുകൾക്കു രണ്ടു മാസമേ എടുത്തുള്ളുവെന്ന് 52 കാരൻ പറയുന്നു.  ഒരു ബ്രിട്ടീഷ് സംഘടന തനിക്കു സഹായഹസ്തം നീട്ടി.  മക്കയിലേക്കുള്ള വഴിയിൽ തനിക്കു വലിയ തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് ആദം പറഞ്ഞു.

പല രാജ്യങ്ങളിലെയും പൊലീസ് അധികാരികൾ ഹ്രസ്വമായി തടങ്കലിൽ വച്ചതൊഴിച്ചാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ എന്റെ  ദൗത്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവർ ആശ്ചര്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദിയിൽ എത്തിയതിനു ശേഷം തനിക്കു  ജനങ്ങൾ തന്ന സ്വീകരണത്തിന് ആദം നന്ദി പറഞ്ഞു.  ഒരാഴ്‌ചയ്‌ക്കു ശേഷമുള്ള ഹജ് തീർഥാടനത്തിനായുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകളിൽ അദ്ദേഹം ഇപ്പോൾ ഏർപ്പെട്ടിരിക്കുകയാണ്.

MORE IN GULF
SHOW MORE